മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നായി മാറിയ ഷവർമയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു.
19-ാം നൂറ്റാണ്ടിൽ രൂപംകൊണ്ട് ലോകമെമ്പാടും പടർന്ന ഈ വിഭവം ഇന്ന് നമ്മുടെ നാട്ടിലും ഏറെ ജനപ്രിയമാണ്. കോഴിക്കോട് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണറുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഭക്ഷ്യപ്രേമികൾക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ബാലുശ്ശേരി കൂട്ടാലിടയിലെ ഒരു സ്ഥാപനത്തിനു മുൻപിൽ പ്രത്യക്ഷപ്പെട്ട ബോർഡിലെ നിർദ്ദേശങ്ങളാണ് അസിസ്റ്റന്റ് കമ്മിഷണർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതും അഭിപ്രായങ്ങൾ തേടിയതും.
‘15 വയസ്സിനു താഴെയുള്ള കുട്ടികൾക്കും, സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കും ഷവർമ ഉത്തമ ആഹാരമല്ല. പാഴ്സൽ വാങ്ങുന്നവർ 30 മിനിറ്റനുള്ളിൽ ഭക്ഷിക്കുവാൻ ശ്രദ്ധിക്കുക’ എന്നായിരുന്നു ആ പോസ്റ്ററിലെ നിർദ്ദേശങ്ങൾ.
ഈ പോസ്റ്റിന് കീഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഷവർമയെ മാത്രം ലക്ഷ്യമിട്ട് വേട്ടയാടുന്നത് ശരിയല്ലെന്നും നമ്മുടെ നാടൻ പലഹാരങ്ങളാണ് ഷവർമയേക്കാൾ വലിയ ജങ്ക് ഫുഡുകളെന്നും ചിലർ അഭിപ്രായപ്പെടുന്നു.
എന്നാൽ നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വേഗത്തിൽ കേടാകുന്ന ഒന്നായതിനാൽ ഷവർമ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് വാദിക്കുന്നവരുമുണ്ട്. സ്വമേധയാ ഇത്തരം ബോർഡുകൾ സ്ഥാപിക്കാൻ തയാറായ കടയുടമകളുടെ കൗതുകം കണക്കിലെടുത്താണ് താൻ ഈ വിഷയം ഫെയ്സ്ബുക്കിൽ പങ്കുവെച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഒരു ഭക്ഷണവും അടിസ്ഥാനപരമായി മോശമല്ല. എങ്കിലും, തയാറാക്കാൻ ഇത്രയധികം മാനദണ്ഡങ്ങൾ പാലിക്കേണ്ട
മറ്റൊരു വിഭവം വേറെയില്ല. തിരക്കുണ്ടാകുമ്പോൾ ഇത്തരം കർശന മാനദണ്ഡങ്ങൾ പാലിച്ച് പാകം ചെയ്യാൻ കഴിയാതെ വരുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
മുൻകൂട്ടി തയാറാക്കുന്ന ഭക്ഷണം രണ്ടു മണിക്കൂറിലേറെ സൂക്ഷിക്കാൻ പാടില്ലെന്ന നിയമം നിലവിലുണ്ട്. വിദേശ രാജ്യങ്ങളിലെപ്പോലെ ഷവർമ ഉണ്ടാക്കി സൂക്ഷിച്ചുവെച്ച് കഴിക്കുന്നത് നമ്മുടെ നാട്ടിൽ സുരക്ഷിതമല്ലെന്ന് വിബി മാത്യു (അസി.
കമ്മിഷണർ, ഭക്ഷ്യസുരക്ഷാ വകുപ്പ്, കോഴിക്കോട്) വ്യക്തമാക്കുന്നു. ഷവർമയിലെ മാംസം പൂർണ്ണമായി വേവിക്കാത്തതാണ് പലപ്പോഴും ദഹനപ്രശ്നങ്ങൾക്കും ഛർദ്ദിക്കും കാരണമാകുന്നത്.
തിരക്കേറുമ്പോൾ പാകം ചെയ്യുന്ന വേളയിൽ മാംസത്തിന് ആവശ്യമായ നിശ്ചിത താപനില നിലനിർത്താൻ കഴിയാതെ വരുന്നു. മാംസം കഴുകുന്നത് ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളിലും ശുചിത്വം നിർബന്ധമായും പാലിക്കണം.
പച്ചമുട്ട ഉപയോഗിച്ച് മയോണൈസ് തയാറാക്കുന്നതും അപകടകരമാണ്.
ഉപയോഗിക്കുന്ന മുട്ടയുടെ കാലാവധി പ്രത്യേകമായി പരിശോധിക്കണം. മയോണൈസിന്റെ ഭൂരിഭാഗവും ഓയിൽ ആയതിനാൽ, ഓയിൽ അലർജിയുള്ളവർ ഇത് ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യണം എന്ന് പി.എസ്.
നജാഫിൽ (ഓപ്പറേഷൻ മാനേജർ, ഒജിൻ ബേക്സ്) പറയുന്നു. തുടക്കം മുതൽ തന്നെ ഷവർമയെ മാത്രം ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണമായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിന് കാരണം അതിന്റെ വർദ്ധിച്ച ജനപ്രിയതയാണെന്നും അഭിപ്രായങ്ങളുണ്ട്.
ഷവർമ തയാറാക്കുന്നതിലെ പോരായ്മകൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങളാണ് തേടേണ്ടത്. പാചകം ചെയ്യുമ്പോഴുള്ള ശുചിത്വത്തിലും മയോണൈസ് നിർമ്മാണ രീതിയിലും പ്രത്യേക ശ്രദ്ധ നൽകണം.
നഗരത്തിൽ പുതിയതായി വന്ന പ്രശസ്തമായ സ്ഥാപനങ്ങളെല്ലാം ഇത്തരം കാര്യങ്ങൾ പാലിക്കുന്നുണ്ടെന്നാണ് തന്റെ അറിവ്. എങ്കിലും ഇത് നമ്മുടെ നിത്യേനയുള്ള ഭക്ഷണശീലത്തിന്റെ ഭാഗമാക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഭക്ഷണപ്രേമിയായ അയീദ് പാലോളി (പറമ്പത്ത്) അഭിപ്രായപ്പെടുന്നു.
ഷവർമയ്ക്ക് മാത്രമല്ല, മറ്റ് പല ഭക്ഷണങ്ങൾക്കും ഇത്തരം പ്രശ്നങ്ങളുണ്ടെന്നും ഷവർമയെ മാത്രം കുറ്റപ്പെടുത്തുന്നതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ കൃത്യമായ പരിശോധനകൾ നടത്തി, മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സിദ്ധാർത്ഥ് കെ.
നായർ (പന്തിരിക്കര, കോഴിക്കോട്) ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

