കോട്ടയം സിഎംഎസ് കോളജിലെ എംഎ സോഷ്യോളജി വിദ്യാർഥിയായ മുഹമ്മദ് റാഹിൽ എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് നേരിട്ട മർദനത്തെക്കുറിച്ച് വെളിപ്പെടുത്തി.
കോളജിൽ പ്രവേശനം നേടി 15 ദിവസങ്ങൾക്കുള്ളിൽ തന്നെ അക്രമം ഉണ്ടായതായി തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ റാഹിൽ പറഞ്ഞു. ‘ഞാൻ ഈ കോളജിൽ വന്നിട്ട് വെറും 15 ദിവസമേ ആയിട്ടുള്ളൂ.
അപ്പോഴേക്കും അവരെന്നെ തല്ലി. ചവിട്ടും തൊഴിയുമെല്ലാം ഏൽക്കുമ്പോഴും എന്നെ തല്ലുന്നവർ ആരാണെന്ന് എനിക്കറിയില്ലായിരുന്നു.’ എന്ന് അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾക്കെതിരായ അക്രമത്തിന്റെ കാരണങ്ങളെക്കുറിച്ച് റാഹിൽ പറയുന്നത് ഇങ്ങനെ: ‘ക്യാംപസിൽ മുണ്ടുടുത്ത് നടന്നതിന്റെ പേരിലായിരുന്നു ആദ്യം എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞത്. കെഎസ്യുക്കാരായ കൂട്ടുകാരുടെ കൂടെ ഫോട്ടോയെടുത്ത് സ്റ്റേറ്റസ് ഇട്ടപ്പോൾ ചോദ്യം ചെയ്യലായി.
എല്ലാ സംഘടനകളും പരാതി കൊടുത്താണ് സെമസ്റ്റർ ഫീസ് അടയ്ക്കാനുള്ള കാലാവധി കോളജ് നീട്ടിയത്. അത് എസ്എഫ്ഐയുടെ നേട്ടമെന്ന് അവർ പറഞ്ഞപ്പോൾ എല്ലാവരുടെയും നേട്ടമല്ലേയെന്ന് ചോദിച്ചതിലാണ് അടി പൊട്ടിയത്.’ തുടർന്ന് പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന വ്യാജേനയാണ് വിദ്യാർഥികളായ ആസിഫ്, ജസ്വിൻ, ആദം, ഫാഹിം എന്നിവർ റാഹിലിനെ ബൈക്ക് പാർക്കിങ്ങിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
കോളജിലെ പൂർവ വിദ്യാർഥിയായ അക്മൽ എന്നൊരാളും അവിടെ ഉണ്ടായിരുന്നു. ‘പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് പറഞ്ഞ് ചിരിച്ച് തോളിൽ കയ്യിട്ട് ചേർത്തു പിടിച്ചാണ് എന്നെ കൂട്ടുകാരുടെ ഇടയിൽ നിന്ന് ബൈക്ക് പാർക്കിങ്ങിലേക്ക് വിദ്യാർഥികളായ ആസിഫ്, ജസ്വിൻ, ആദം, ഫാഹിം എന്നിവർ കൊണ്ടുവന്നത്.
മുൻപുണ്ടായിരുന്ന അസ്വാരസ്യങ്ങൾ തീരുകയാണെങ്കിൽ തീരട്ടെയെന്ന് കരുതി സന്തോഷത്തോടെയാണ് അവർക്കൊപ്പം ചെന്നത്. കോളജിൽ മുൻപ് പഠിച്ചിരുന്ന അക്മൽ എന്നൊരാൾക്കൂടെ പാർക്കിങ്ങിൽ ഉണ്ടായിരുന്നു.
മോശം വാക്കുകൾ വിളിച്ചുകൊണ്ട് ആസിഫ് എന്റെ മുഖത്തിടിച്ചു. താഴെ വീണപ്പോൾ മറ്റെല്ലാവരും ചേർന്ന് ചവിട്ടിക്കൂട്ടി.
ബഹളം കേട്ടെത്തിയ മറ്റു വിദ്യാർഥികളും കൂട്ടുകാരും ചേർന്നാണ് എന്നെ രക്ഷിച്ചത്. തല്ലാനെത്തിയ ആളുകളെ എനിക്കറിയില്ലായിരുന്നു.
ഫോട്ടോകളും വിഡിയോകളും കണ്ടാണ് മനസ്സിലാക്കിയത്. പഠിക്കാനാണ് വന്നത്.
പ്രശ്നം ഗുരുതരമാക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് പൊലീസിൽ പരാതിപ്പെട്ടത്.’ സംഭവത്തിൽ അഞ്ച് പേരെ പ്രതികളാക്കി കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

