ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ‘മെലഡി’ മിഠായി സ്വീകരിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സംഭവം ഓഹരി വിപണിയിൽ കൗതുകകരമായ ഒരു ‘ആൾമാറാട്ടത്തിന്’ വഴിയൊരുക്കി.
മെലഡി നിർമാതാക്കളായ പാർലെ പ്രോഡക്ട്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയാണെന്നിരിക്കെ, ഓഹരി നിക്ഷേപകർ മെലഡി നിർമിക്കുന്നത് ലിസ്റ്റഡ് കമ്പനിയായ ‘പാർലെ ഇൻഡസ്ട്രീസ്’ ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പാർലെ ഇൻഡസ്ട്രീസിന്റെ ഓഹരികൾ വൻ നേട്ടത്തിലേക്ക് കുതിച്ചു.
അതേസമയം, വിപണിയിൽ മെലഡി മിഠായികൾക്ക് വൻ ഡിമാൻഡ് ഉണ്ടാവുകയും സ്റ്റോക്കുകൾ അതിവേഗം വിറ്റുതീരുകയും ചെയ്തു. ഇതോടെയാണ് ‘അപരൻ’ കൊണ്ടുപോയ നേട്ടം സ്വന്തമാക്കാനും വിപണിയിലെ സാന്നിധ്യം ശക്തമാക്കാനും പാർലെ പ്രോഡക്ട്സ് തങ്ങളുടെ ഐപിഒ (Initial Public Offering) നടപടികളിലേക്ക് കടക്കുന്നത്.
100 കോടി ഡോളറിലധികം (ഏതാണ്ട് 10,000 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1000 കോടി ഡോളർ (ഏതാണ്ട് ഒരു ലക്ഷം കോടിയിലധികം രൂപ) മൂല്യം കണക്കാക്കിയായിരിക്കും പ്രാരംഭ ഓഹരി വിൽപന.
ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ സെബിക്ക് (SEBI) ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.
എന്നാൽ ഇക്കാര്യത്തിൽ കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. വിജയ് ചൗഹാൻ പ്രൊമോട്ടറായ പാർലെ പ്രോഡക്ട്സ്, പാർലെ-ജി, ഹൈഡ് ആൻഡ് സീക്ക്, ബർബൻ, മാരി, കച്ച മാംഗോ, മാംഗോ ബൈറ്റ്, മൊണാക്കോ, ക്രാക്ക്ജാക്ക്, പോപ്പിൻസ് തുടങ്ങിയ ജനപ്രിയ ഉൽപന്നങ്ങളുടെ നിർമാതാക്കളാണ്.
ജയന്തിലാൽ ചൗഹാൻ, സ്ചൗന ചൗഹാൻ, നാദിയ ചൗഹാൻ എന്നിവർ പ്രൊമോട്ടർമാരായ പാർലെ അഗ്രോയുമായി സഹകരിച്ച് ഫ്രൂട്ടി, ആപ്പി ഫിസ് തുടങ്ങിയ ബ്രാൻഡുകളും വിപണിയിലുണ്ട്. കമ്പനിയുടെ സാമ്പത്തിക അടിത്തറ പരിശോധിക്കുമ്പോൾ, 2024-25 സാമ്പത്തിക വർഷത്തിൽ 8.5% വളർച്ചയോടെ 15,568 കോടി രൂപയാണ് പ്രവർത്തന വരുമാനം.
ലാഭം 39% കുറഞ്ഞ് 980 കോടി രൂപയാണെന്ന് പിടിഐ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിസ്കറ്റുകൾക്ക് പുറമെ കേക്ക്, റസ്ക്, ആട്ട
തുടങ്ങിയവയും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമേ യുഎസ്, യുകെ, കാനഡ, ഗൾഫ് നാടുകൾ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ പാർലെ പ്രോഡക്ട്സിന് സാന്നിധ്യമുണ്ട്.
നൈജീരിയ, ഘാന, കാമറൂൺ, എത്യോപ്യ, കെനിയ, ഐവറി കോസ്റ്റ്, നേപ്പാൾ, മെക്സിക്കോ എന്നിവിടങ്ങളിൽ കമ്പനിക്ക് നിർമാണശാലകളുമുണ്ട്. നിലവിൽ ബ്രിട്ടാണിയ, ഐടിസി തുടങ്ങിയ വമ്പൻമാരുമായാണ് പാർലെ പ്രോഡക്ട്സ് മത്സരിക്കുന്നത്.
75,000 കോടി രൂപയാണ് പാർലെ പ്രോഡക്ട്സിന്റെ വിപണി മൂല്യമായി വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഏഴാമത്തെ അൺലിസ്റ്റഡ് കമ്പനിയായ പാർലെ, 2025ലെ ബർഗണ്ടി പ്രൈവറ്റ് ഹുറൂൺ ഇന്ത്യ 500 ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

