വാട്സാപ്പിന്റെ മാതൃകയിൽ യൂസർ നെയിം ഫീച്ചർ നടപ്പിലാക്കാൻ ഒരുങ്ങുന്ന ടെലിഗ്രാം, സിഗ്നൽ എന്നീ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര സർക്കാർ നോട്ടീസയച്ചു. ഈ സംവിധാനം ഏത് രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഇതിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ എന്താണെന്നും വ്യക്തമാക്കാനാണ് കേന്ദ്ര നിർദ്ദേശം.
ഡിജിറ്റൽ ഇടങ്ങളിലെ ആൾമാറാട്ടം ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ കർശന പരിശോധനയ്ക്ക് മുതിരുന്നത്. യൂസർ നെയിം ഫീച്ചർ നടപ്പിലാക്കുമ്പോൾ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ വിശദീകരിക്കാൻ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന സംവിധാനമാണ് യൂസർ നെയിം ഫീച്ചർ. അതിനിടെ, സോഹോയുടെ ചാറ്റിംഗ് ആപ്പായ അരട്ടൈയിൽ ഈ സംവിധാനം നടപ്പിലാക്കുന്നത് നിർത്തിവെച്ചതായി കമ്പനിയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു വ്യക്തമാക്കി.
അതേസമയം, യൂസർ നെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആശങ്കകൾ വാട്സാപ്പ് തള്ളിക്കളഞ്ഞു. ഈ ഫീച്ചർ നിലവിൽ പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്നും, അതീവ ജാഗ്രതയോടെ മാത്രമേ ഇത്തരമൊരു സംവിധാനം അവതരിപ്പിക്കുകയുള്ളൂ എന്നും വാട്സാപ്പ് അധികൃതർ പ്രതികരിച്ചു.
നിലവിൽ നടക്കുന്ന സൈബർ സുരക്ഷാ അവലോകനങ്ങളുടെ ഭാഗമായാണ് സർക്കാർ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

