കർണാടകയുടെ ഇരുപത്തിയഞ്ചാം മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് അധികാരമേൽക്കും. ബെംഗളൂരുവിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ പതിനൊന്ന് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
ദില്ലിയിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് പുതിയ മന്ത്രിസഭയുടെ അന്തിമ പട്ടികയ്ക്ക് അംഗീകാരം ലഭിച്ചത്.
മലയാളികളായ കെ ജെ ജോർജ്, മുൻ സ്പീക്കർ യു ടി ഖാദർ എന്നിവർ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയിലുണ്ട്.
ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖർഗെ, എം ബി പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ എന്നിവരാണ് പുതുതായി ചുമതലയേൽക്കുന്ന മറ്റ് മന്ത്രിമാർ. എന്നാൽ, വിവാദങ്ങളിൽ ഉൾപ്പെട്ട
മുൻ മന്ത്രി സമീർ അഹമ്മദിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഡി കെ ശിവകുമാറിന്റെ വിശ്വസ്തനായ എൻ എ ഹാരിസിനെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടില്ല.
ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി ഡി സതീശനും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
പാർട്ടി തീരുമാനപ്രകാരം മുഖ്യമന്ത്രി പദവി ഒഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ലോക്ഭവൻ, വിധാൻ സൗധ പരിസരങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് കർശന നിയന്ത്രണങ്ങളുണ്ടെന്നും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയിൽ കൂടുതൽ പുനഃസംഘടനകൾ ഉണ്ടാകുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

