കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ ചികിത്സാ വിഭാഗത്തിൽ തകരാർ സംഭവിച്ച റേഡിയേഷൻ മെഷീന്റെ പ്രവർത്തനം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെയുണ്ടായിരുന്ന രണ്ട് മെഷീനുകളിൽ ഒന്നിന് തകരാർ നേരിട്ടത്.
ഇന്ന് രാവിലെയോടെ തകരാർ പരിഹരിച്ച് വൈകിട്ടോടെ യന്ത്രം വീണ്ടും പ്രവർത്തനക്ഷമമാക്കും. നിലവിൽ ഒരു മെഷീൻ വഴി പ്രതിദിനം 50 രോഗികൾക്കാണ് റേഡിയേഷൻ നൽകിവരുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തോളമായി വാർഷിക പരിപാലന കരാർ (എഎംസി) തുക കുടിശികയായതാണ് യന്ത്രത്തിന്റെ അറ്റകുറ്റപ്പണികൾ വൈകാൻ ഇടയാക്കിയത്. ഏകദേശം 2 കോടി രൂപയാണ് ഈ ഇനത്തിൽ കുടിശികയുള്ളത്.
തുടർന്ന് മെഡിക്കൽ കോളജ് അധികൃതരും ബന്ധപ്പെട്ട കമ്പനിയും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനമായത്.
ഇതിനുപുറമെ, 28 കോടി രൂപ ചെലവിൽ പുതിയ റേഡിയേഷൻ മെഷീൻ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. റേഡിയേഷൻ മെഷീനിലൂടെ പ്രതിവർഷം 6 കോടി രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ തുക പൂർണമായും ആശുപത്രി വികസന സൊസൈറ്റി (എച്ച്ഡിഎസ്) ഫണ്ടിലേക്കാണ് ചേരുന്നത്. പരിപാലനച്ചെലവ് ഉറപ്പാക്കിയശേഷം ശേഷിക്കുന്ന തുക എച്ച്ഡിഎസ് ഫണ്ടിലേക്ക് അടയ്ക്കുകയാണെങ്കിൽ കരാർ തുക കുടിശികയാകുന്നതും ചികിത്സാ തടസ്സങ്ങൾ ഉണ്ടാകുന്നതും ഒരുപരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇതുസംബന്ധിച്ച പ്രധാന നിർദേശം വരുന്ന 3ന് ചേരുന്ന എച്ച്ഡിഎസ് യോഗത്തിൽ ചർച്ച ചെയ്തേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

