അടിമാലി ∙ മാങ്കുളം വരിക്കയിൽ വർക്കിച്ചേട്ടന് (ഏബ്രഹാം) ഇപ്പോൾ 97 വയസ്സ് പ്രായം. 1965ൽ കട്ടപ്പനയിൽ നിന്ന് കുടുംബസമേതം മാങ്കുളത്ത് എത്തുമ്പോൾ അദ്ദേഹത്തിന് വയസ്സ് 35 ആയിരുന്നു.
അന്നുമുതൽ അദ്ദേഹത്തിന്റെ ഇഷ്ട വാഹനം ജീപ്പാണ്.
കാലം ഏറെ മാറിയെങ്കിലും ജീപ്പിനോടുള്ള പ്രണയം 61 വർഷമായി ഇദ്ദേഹം ഇന്നും തുടരുകയാണ്. മക്കൾക്കെല്ലാം സ്വന്തമായി കാറുകൾ ഉണ്ടെങ്കിലും വർക്കിച്ചേട്ടന്റെ യാത്രകൾക്ക് ഇന്നും പ്രിയം ജീപ്പ് തന്നെയാണ്.
1965ൽ മാങ്കുളത്ത് എത്തുമ്പോൾ കൈനഗിരിയിൽ നിന്ന് ഇവിടേക്ക് റോഡ് സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. വളരെ കുറച്ചു കുടുംബങ്ങൾ മാത്രമാണ് അക്കാലത്ത് മാങ്കുളത്തുണ്ടായിരുന്നത്.
ഇവർ മറ്റുള്ളവരുമായി ചേർന്ന് ഒരു മൺപാത നിർമിക്കുകയുണ്ടായി. തുടർന്ന് ഒരു പെട്രോൾ ജീപ്പ് സ്വന്തമാക്കി.
മാങ്കുളത്ത് ചരിത്രത്തിൽ ആദ്യമായി ജീപ്പ് വാങ്ങിയത് വർക്കിച്ചേട്ടനാണ്. വർഷങ്ങൾ കഴിഞ്ഞതോടെ നാട് പുരോഗതിയുടെ പാതയിലേക്ക് കടന്നു.
ടാർ റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതോടെ പ്രദേശത്ത് ജീപ്പുകൾക്ക് പകരം കാറുകളും മറ്റ് ആധുനിക വാഹനങ്ങളും സർവ സാധാരണമായി മാറി. എന്നിരുന്നാലും ജീപ്പ് വിട്ടൊരു യാത്രയെക്കുറിച്ച് വർക്കിച്ചേട്ടന് ചിന്തിക്കാൻ പോലുമാകില്ല.
വർക്കി– ഏലിക്കുട്ടി ദമ്പതികൾക്ക് ആകെ 10 മക്കളാണ് ഉള്ളത്. ഇതിൽ 4 പേർ ഇതിനോടകം മരണപ്പെട്ടു.
മാങ്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇപ്പോൾ എട്ടു നോമ്പാചരണം നടന്നു വരികയാണ്. ഇന്നലെ രാവിലെയും കുർബാന കൂടാൻ ഭാര്യ ഏലിക്കുട്ടിയുമായി പള്ളിയിലേക്ക് എത്തിയത് ജീപ്പിലാണെന്ന് വർക്കിച്ചേട്ടൻ വ്യക്തമാക്കി.
മാങ്കുളം പഞ്ചായത്തിന്റെ രൂപീകരണം മുതൽ പിന്നീടുള്ള വികസന കാര്യങ്ങളിലും മറ്റും വർക്കി– ഏലിക്കുട്ടി ദമ്പതികളുടെ നിർണായക പങ്ക് നാട്ടുകാർ ഏറെ നന്ദിയോടെയാണ് സ്മരിക്കുന്നത്. മൂന്നാർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലത്ത് മാങ്കുളം വാർഡിൽ നിന്നുള്ള പഞ്ചായത്ത് അംഗമായിരുന്നു ഏലിക്കുട്ടി.
പിന്നീട് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗമായും അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വർക്കിച്ചേട്ടൻ 10 വർഷം മുൻപ് മാങ്കുളം പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതത്തിൽ വിവിധ രോഗങ്ങളെ തുടർന്ന് 5 ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നെങ്കിലും ഇപ്പോഴും വലിയ ചുറുചുറുക്കോടെയാണ് വർക്കിച്ചേട്ടന്റെ നിത്യജീവിതവും യാത്രകളും. ഇളയ മകൻ സോജനാണ് ഇപ്പോൾ ഇവർക്കൊപ്പം വീട്ടിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

