കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വികസനത്തിൽ നിർണായക കണ്ടെത്തലുമായി സാങ്കേതിക പഠന റിപ്പോർട്ട്.
മെട്രോ പാത അങ്കമാലി റെയിൽവേ സ്റ്റേഷൻ വഴി തിരിച്ചുവിടുന്നത് പദ്ധതിക്ക് ഗുണകരമാകില്ലെന്ന് കെഎംആർഎൽ നിയോഗിച്ച കൺസൽറ്റന്റ് വ്യക്തമാക്കുന്നു. സിസ്ട്ര എംവിഎ കൺസൽറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ സാങ്കേതിക പഠനത്തിലാണ് കൊച്ചി വിമാനത്താവളം വഴി നിർദേശിച്ചിട്ടുള്ള യഥാർത്ഥ അലൈൻമെന്റ് തുടരുന്നതാണ് കൂടുതൽ പ്രായോഗികമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്.
നേരത്തെ, അങ്കമാലി റെയിൽവേ സ്റ്റേഷൻ കൂടി ബന്ധിപ്പിക്കുന്ന വിധത്തിൽ അലൈൻമെന്റിൽ മാറ്റം വരുത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ മന്ത്രി റോജി എം.ജോണും ബെന്നി ബഹനാൻ എംപിയും കെഎംആർഎല്ലിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഏജൻസി വിശദമായ പരിശോധന നടത്തിയത്.
എന്നാൽ, വിമാനത്താവളം കേന്ദ്രീകരിച്ചുള്ള നിലവിലെ അലൈൻമെന്റ് മാറ്റമില്ലാതെ നിലനിർത്തി മൂന്നാം ഘട്ടവുമായി മുന്നോട്ടുപോകുന്നതാണ് ഉചിതമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. കേന്ദ്ര അംഗീകാരം ലഭിക്കുന്നതിനും പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക പ്രായോഗികതയ്ക്കും ഇത് ഏറെ ആവശ്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
മെട്രോപാത വിമാനത്താവളം വഴി കടന്നുപോകുമ്പോൾ നെടുമ്പാശേരിയിൽ നിർമാണം ആരംഭിച്ച റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെടാൻ സാധിക്കും. പാത അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് കൂടി മാറ്റിയാൽ അത് ഗതാഗത കണക്ടിവിറ്റിയുടെ ആവർത്തനത്തിന് ഇടയാക്കുമെന്നാണ് പ്രധാന കണ്ടെത്തൽ.
കൂടാതെ, വിമാനത്താവളത്തിനും അങ്കമാലി റെയിൽവേ സ്റ്റേഷനും ഇടയിലുള്ള പ്രദേശങ്ങളിൽ ആവശ്യത്തിന് യാത്രക്കാരെ ലഭിക്കാനുള്ള സാധ്യതയും കുറവായിരിക്കുമെന്നും കൺസൽറ്റന്റ് വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

