ആകാശത്തോളം തലയെടുപ്പുള്ള നന്ദികേശന്മാരുടെ എഴുന്നള്ളത്ത് ദേശത്തെ ആവേശനിറവിലാക്കി. മെയ്ക്കരുത്തിലേറിയെത്തിയ കാളക്കൂറ്റൻമാരുടെ കരുത്തിലും തിളക്കത്തിലും വർണാഭമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണം ഉത്സവം നടന്നു.
പുലർച്ചെ കയർപൂജയ്ക്കുശേഷം കാളമൂടുകളിലേക്ക് ഘോഷയാത്രയായി നീങ്ങിയ കരക്കാർ ഉച്ചയോടെ കെട്ടുകാളകളെ വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ പടനിലത്തേക്ക് ആനയിച്ചു. രണ്ടുമണിയോടെ പടനിലവും ഓച്ചിറയിലെ ചെറിയ വീഥികളും ജനസാഗരമായി.
രാത്രി എട്ടോടെ പ്രയാർവടക്ക്, പായിക്കുഴി വലിയകുളങ്ങര, ഇടയനാമ്പലം, പുതുപ്പള്ളി തെക്ക്, ആലുംപീടിക, ചങ്ങൻകുളങ്ങര, മേമന, തെക്കുകൊച്ചുമുറി, കൃഷ്ണപുരം, കാപ്പിൽ തുടങ്ങി വിവിധ കരകളുടെ പടുകൂറ്റൻ കെട്ടുകാഴ്ചകളെത്തി. ഇക്കുറി പടനിലത്ത് ആദ്യമായി ഋഷഭ ഉൗട്ട് നടത്തി.
ക്ഷേത്രത്തിൽ സംരക്ഷിക്കുന്ന അൻപത്തോളം ഋഷഭങ്ങൾക്കായിരുന്നു ഭക്തർ ഉൗട്ട് നടത്തിയത്. അരി മണിയിലും കൈവെള്ളയിലും എഴുന്നള്ളിച്ച കെട്ടുകാളകൾ മുതൽ 72 അടി ഉയരമുള്ള കൂറ്റൻ കെട്ടുകാളകളെ വരെ കരക്കാർ എഴുന്നള്ളിച്ചു.
വനിതകൾ മാത്രം എഴുന്നള്ളിച്ച 18 കെട്ടുകാളകളും പരബ്രഹ്മ സന്നിധിയിലെത്തിയിരുന്നു. സ്വർണം, വെള്ളി പഞ്ചലോഹം എന്നിവയിലും നിർമിച്ച കെട്ടുകാള രൂപങ്ങൾ ചില കരക്കാർ എഴുന്നള്ളിച്ചു.
രാത്രി പത്തോടെ മിക്ക കെട്ടുകാഴ്ചകളും പടനിലത്ത് അണിനിരന്നു. വർണദീപങ്ങളുടെയും കലാപരിപാടികളുടെയും പശ്ചാത്തലത്തിൽ കെട്ടുകാളകൾ രാത്രി വൈകിയും കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
കെട്ടുകാഴ്ചകളെയും ജനത്തിരക്കിനെയും നിയന്ത്രിക്കാൻ പൊലീസും ക്ഷേത്രഭരണ സമിതിയും ഏറെ പണിപ്പെട്ടു. കെട്ടുകാഴ്ചകൾ കടന്നുവരുന്ന നാട്ടുവഴികളുടെ ഇരുവശത്തും ആയിരങ്ങൾ കാത്തു നിന്ന് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു.
പകൽ 12ന് തന്നെ ചെറിയ കെട്ടുകാളകൾ പടനിലത്തേക്ക് എത്തിത്തുടങ്ങിയിരുന്നു. 12.30ന് വള്ളിക്കാവ് തൃക്കാർത്തിക കാളകെട്ടു സമിതിയുടെ വെള്ളിക്കാള പടനിലത്തേക്ക് എത്തി.
തുടർന്ന് ചെറുതും വലുതുകളുമായ കെട്ടുകാഴ്ചകൾ നിരനിരയായി വന്ന് പടനിലത്തിന്റെ വിവിധഭാഗങ്ങളിൽ പ്രതിഷ്ഠിച്ചു. വൈകിട്ട് ആറുമണിയോടെ ഓച്ചിറ ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ എല്ലാ വഴികളിലും കെട്ടുകാളകളും ജനങ്ങളും നിറഞ്ഞു.
അപ്പോഴും കെട്ടുകാളകളുടെ വരവ് തുടർന്നുകൊണ്ടേയിരുന്നു. പിന്നാലെ, ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തിൽ ഋഷഭ എഴുന്നള്ളത്ത് ഓരോ കാളമൂട്ടിലും എത്തി കെട്ടുകാളകളെ സ്വീകരിച്ചു.
27 വരെ പടനിലത്ത് കെട്ടുകാളകളുടെ പ്രദർശനം നടക്കും. ഇതിന് ശേഷം കെട്ടുകാളകളുടെ ഉയരത്തിന് അനുസരിച്ചുള്ള പാരിതോഷികം വിതരണം ചെയ്യും.
താളത്തിലും മേളത്തിലും നടന്ന മത്സരങ്ങളിൽ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ വാദ്യ മേളങ്ങളുടെ സംഗമമാണ് പടനിലത്ത് ദൃശ്യമായത്. കെട്ടുകാളയുടെ തലപ്പൊക്കത്തിൽ കരക്കാർ തമ്മിലുള്ള മത്സരത്തേക്കാൾ വാശിയോടെയാണു ഓരോ കാളകെട്ട് സമിതിയും മേളങ്ങൾ അവതരിപ്പിച്ചത്.
ചെണ്ട മേളം, പഞ്ചാരി മേളം, പാണ്ടി മേളം, ശിങ്കാരി മേളം, ബാൻഡ് ട്രൂപ്പ്, മ്യൂസിക് ഗ്രൂപ്പ്, ആദിവാസി നൃത്തം, അർദ്ധനാരീശ്വര നൃത്തം തുടങ്ങിയ വിവിധ കലാ പ്രകടനങ്ങളും കരക്കാർ കാഴ്ച വച്ചു.
പരബ്രഹ്മ സന്നിധിയിലെ കന്നി വെയിലിനും ചാറ്റൽ മഴയ്ക്കും ആവേശം ഒട്ടുചോർത്താനാകാതെ കരക്കാർ പരബ്രഹ്മ പ്രതീകങ്ങളായ കെട്ടുകാളയെ എഴുന്നള്ളിച്ച് അനുഗ്രഹം ഏറ്റുവാങ്ങി. ഒരു ദേശത്തിന്റെ കാർഷിക പാരമ്പര്യവും മതസൗഹാർദവും ഐക്യവും വിശ്വാസങ്ങളുമെല്ലാം തങ്ങളുടെ പരദേവരുടെ മുന്നിൽ ചുവപ്പിലും വെളുപ്പിലും നിർമിച്ച വിവിധ ഭാവങ്ങളിലെ കെട്ടുകാളകളെ എഴുന്നള്ളിച്ച് സമർപ്പിക്കുന്ന കേരളത്തിലെ വലിയ കാളകെട്ടുത്സവത്തിനാണ് ഓണാട്ടുകര സാക്ഷ്യം വഹിച്ചത്.
ലോകത്തിന്റെ ഏതുകോണിലായാലും ഓണാട്ടുകരക്കാരുടെ മനസ്സ് പരബ്രഹ്മഭൂമിയിലെത്തുന്ന സുദിനമായിരുന്നു 28–ാം ഓണം കാളകെട്ടുത്സവം. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ ഉൾപ്പെട്ട
ഓണാട്ടുകരയിലെ 52 കരകളിൽ നിന്നു ഇരുനൂറോളം കെട്ടുകാളകളെ കരക്കാർ അണിനിരത്തി. ഇന്നലെ രാവിലെ മുതൽ ഓണാട്ടുകരയിലെ നാട്ടുവഴികളെല്ലാം കുടമണി കിലുക്കി അർപ്പുവിളികളും മേള നൃത്ത ചുവടുകളുമായി കാളകൂറ്റന്മാരുടെ വരവായിരുന്നു.
എല്ലാ വഴികളും നാല് മണിയോടെ പരബ്രഹ്മ ഭൂമിയിലേക്ക് സംഗമിച്ചെത്തിയതോടെ പടനിലം പുരാഷരവത്തിൽ നിറഞ്ഞൊഴുകി. ഇടയ്ക്കു പെയ്ത ചാറ്റൽ മഴ കെട്ടുകാളയുടെ എഴുന്നള്ളത്തിനെ ഒട്ടും ബാധിച്ചില്ല.
കെട്ടുകാളകളുടെ വരവ് ദർശിക്കാൻ രാത്രി വൈകിയും ഭക്തർ പടനിലത്ത് തന്നെ കാത്തിരിക്കുകയാണ്. പരബ്രഹ്മ ക്ഷേത്രത്തിലെ 28–ാം ഓണം കാളകെട്ടുത്സവത്തോടനുബന്ധിച്ച് പരബ്രഹ്മ സന്നിധിയിൽ ക്ഷേത്രത്തിൽ സംരക്ഷിക്കുന്ന ഋഷഭങ്ങൾക്ക് ‘ഋഷഭയൂട്ട്’ നടത്തി.
ശബരിമല മുൻ മേൽശാന്തി ഇ. ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു.
കാർഷിക പാരമ്പര്യം ഉയർത്തി നിരവധി ഭക്തർ വീടുകളിൽ വളർത്തുന്ന ഋഷഭങ്ങളെ കുളിപ്പിച്ച്, കുങ്കുമവും ചന്ദനവും നെറ്റിയിൽ ചാർത്തി, കുവള മാല ചാർത്തി പ്രത്യേകം പന്തൽ ഒരുക്കിയ വാഹനങ്ങളിൽ പരബ്രഹ്മ ഭൂമിയിലെത്തിച്ചു. തുടർന്ന് ക്ഷേത്രത്തിലെ എട്ടുകണ്ടം ഉരുൾച്ച വഴിപാടിനോടൊപ്പം പടനിലത്ത് പ്രദക്ഷണം നടത്തിയ ശേഷമാണ് തിരികെ കൊണ്ടുപോയത്.
ചിലർ എട്ടുകണ്ടം ഉരുൾ നേർച്ച ഘോഷയാത്രയും നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

