പാലക്കാട് ജില്ലയിലെ വാണിയംകുളത്ത് റബർ ടാപ്പിങ് തൊഴിലാളികൾക്ക് ഒറ്റദിവസംകൊണ്ട് ലഭിച്ചത് വലിയ തോതിലുള്ള നാടൻ കൂൺ ശേഖരം. വേമ്പലത്തു പാടം സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ, പനയൂർ സ്വദേശിയായ ഹരീന്ദ്രൻ എന്നിവർക്കാണ് ഏകദേശം 40 കിലോഗ്രാമോളം കൂൺ ലഭിച്ചത്.
തുടർന്ന് ഇവ ചാക്കുകളിൽ ശേഖരിച്ച് ആവശ്യക്കാരുടെ അടുക്കൽ എത്തിക്കുകയായിരുന്നു. വാണിയംകുളം പാതിപ്പാറ പ്രദേശത്ത് ടാപ്പിങ് ജോലികൾക്കായി എത്തിയപ്പോഴാണ് എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കൂണുകൾ മുളച്ചുനിൽക്കുന്നത് ഹരീന്ദ്രന്റെ ശ്രദ്ധയിൽപെടുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലും ഇവ കണ്ടെത്തി. തുടർന്ന് സുഹൃത്തും സഹപ്രവർത്തകനുമായ ഉണ്ണിക്കൃഷ്ണന്റെ സഹായത്തോടെ ഇവ സുരക്ഷിതമായി പറിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ത്രാങ്ങാലി പ്രദേശവാസികൾക്കും ഇത്തരത്തിൽ കൂണുകൾ സമൃദ്ധമായി ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഹരീന്ദ്രന് നിരവധി കൂണുകൾ ലഭിക്കുകയും, അവയെല്ലാം ആവശ്യക്കാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
ഗുണനിലവാരം അനുസരിച്ച് നാടൻ കൂണിന് കിലോഗ്രാമിന് ആയിരം രൂപ വരെ നൽകാൻ ഗ്രാമപ്രദേശങ്ങളിൽ പോലും ആളുകളുണ്ട്. ഇടയ്ക്കെല്ലാം കൂൺ ലഭിക്കാറുണ്ടെങ്കിലും, ഇത്രയധികം അളവിൽ ഒറ്റദിവസം ലഭിക്കുന്നത് ആദ്യമായാണെന്ന് ഹരീന്ദ്രൻ വ്യക്തമാക്കി.
പെരുക്കാലി ഇനത്തിൽപ്പെടുന്ന ഈ നാടൻ കൂണുകൾ ചിങ്ങം – കന്നി മാസങ്ങളിലായി വിവിധയിടങ്ങളിൽ വളർന്നു വരുന്നത് പതിവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

