ന്യൂയോർക്കിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്ക്വയറിൽ നടന്ന ഞെട്ടിക്കുന്ന ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക ബിസിനസ് സെലക്ഷൻ വിഭാഗം വൈസ് പ്രസിഡന്റ് ആയ എറിൻ പിയാചെന്റി (32) ദാരുണമായി കൊല്ലപ്പെട്ടു. സംഭവത്തിൽ ഇവർ ഉൾപ്പെടെ രണ്ട് പേരെയാണ് ക്വീൻസ് സ്വദേശിനിയായ പാമല (49) ആക്രമിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ വെടിവയ്പ്പിൽ അക്രമി കൊല്ലപ്പെടുകയായിരുന്നു. മാനസിക അസ്വാസ്ഥ്യത്തിന് ഇവർ ചികിത്സ തേടിയിരുന്നതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. അടുക്കളയിൽ ഉപയോഗിക്കുന്ന തരത്തിലുള്ള രണ്ട് കത്തിയുമായാണ് പാമല ടൈംസ് സ്ക്വയറിലേക്ക് എത്തിയത്.
റോഡ് മുറിച്ചുകടക്കാൻ ഭാര്യയ്ക്കൊപ്പം കാത്തുനിൽക്കുകയായിരുന്ന 68 വയസ്സുകാരനായ വ്യക്തിയെയാണ് ഇവർ ആദ്യം കുത്തിപ്പരിക്കേൽപ്പിച്ചത്. ഈ ആക്രമണത്തിനുശേഷം നടന്നുനീങ്ങുന്നതിനിടയിലാണ് പ്രതിയുടെ മുന്നിൽ എറിൻ പിയാചെന്റി പെടുന്നത്.
വയറ്റിൽ ഗുരുതരമായി പരിക്കേറ്റ എറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

