നേപ്പാളിലുണ്ടായ പ്രളയക്കെടുതിക്ക് പിന്നാലെ ബിഹാർ സംസ്ഥാനത്തെ വിവിധ നദികളിലേക്ക് അജ്ഞാത മത്സ്യങ്ങൾ വ്യാപകമായി ഒഴുകിയെത്തുന്നു. തൃശൂലി നദിയിലൂടെ ബിഹാറിലെ ഗണ്ഡക്, കോസി നദികളിലേക്കാണ് ഈ മീനുകൾ എത്തിയിരിക്കുന്നത്.
ഇവയെ ഭക്ഷിക്കുന്നത് മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് സംസ്ഥാന സർക്കാർ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ബിഹാറിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അപൂർവ്വയിനം കൂറ്റൻ മീനുകളാണ് വൻതോതിൽ എത്തിച്ചേരുന്നത്.
ഈ മത്സ്യങ്ങളെ പിടികൂടി ആഹാരമാക്കിയവർക്ക് ദേഹാസ്വാസ്ഥ്യവും ഗുരുതരമായ രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അജ്ഞാത മീനുകളെ പിടികൂടാനോ വിൽക്കാനോ ഭക്ഷിക്കാനോ പാടില്ലെന്ന് കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രളയജലത്തോടൊപ്പം ഒഴുകിയെത്തുന്ന ഈ മത്സ്യങ്ങൾ ഡ്രെയിനേജ് മാലിന്യങ്ങൾ, അഴുകിയ ജഡങ്ങൾ, വിവിധ അവശിഷ്ടങ്ങൾ എന്നിവയുമായി നിരന്തരമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവയാണ്. അതിനാൽ ഇവയിൽ മാരകമായ രോഗാണുക്കൾ അടങ്ങിയിട്ടുണ്ടാകമെന്ന് ബിഹാർ ഡയറി, ഫിഷറീസ് ആൻഡ് അനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
നേപ്പാൾ പൊലീസും സമാനമായ രീതിയിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രളയ സാഹചര്യം പൂർണ്ണമായും മാറി പരിസ്ഥിതി സാധാരണ നിലയിലാകുന്നത് വരെ ഇത്തരം മത്സ്യങ്ങൾ ഭക്ഷിക്കരുതെന്നാണ് നിർദേശം.
ഈ മത്സ്യങ്ങൾ കഴിച്ചതിനെത്തുടർന്ന് ഛർദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്. കൂടാതെ, അസാധാരണമായ രീതിയിലോ വൻതോതിലോ ഇത്തരം മീനുകളെ കണ്ടെത്തിയാൽ ഉടൻ തന്നെ ബന്ധപ്പെട്ട
ഫിഷറീസ് ഓഫീസറെയോ പ്രാദേശിക ഭരണകൂടത്തെയോ വിവരം അറിയിക്കണമെന്നും വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. നേപ്പാളിലെ മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വൻതോതിൽ ചെളിയും കല്ലുകളും മരത്തടികളും വിവിധ മാലിന്യങ്ങളുമാണ് നദികളിലൂടെ കുത്തിയൊുകിയെത്തിയത്.
ഇതിനു പുറമെ തകർന്ന പാലങ്ങൾ, ജലവൈദ്യുത പദ്ധതികളുടെ അവശിഷ്ടങ്ങൾ, വാഹനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവയോടൊപ്പം മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങളും നദികളിലൂടെ ഒഴുകിയെത്തുന്നുണ്ട്. ഇത് ജലസ്രോതസ്സുകളിലെ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
മലിനമായ ഈ പ്രളയജലം കുടിവെള്ള സ്രോതസ്സുകളായ കിണറുകളിലും കുഴൽക്കിണറുകളിലും കലരുന്നത് വഴി കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയ ഗുരുതരമായ ജലജന്യ രോഗങ്ങൾ അതിവേഗം പടരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

