കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ 69 റൺസിന്റെ തിളക്കമാർന്ന വിജയം സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കൗമാരതാരം ജോബിൻ ജോബിയുടെ സെഞ്ച്വറി പ്രകടനത്തിന്റെ കരുത്തിൽ കൊച്ചി പടുത്തുയർത്തിയ 243 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പിക്ക് നിശ്ചിത ഓവറിൽ 173 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
മത്സരത്തിലെ മികച്ച താരമായി ജോബിൻ ജോബി തിരഞ്ഞെടുക്കപ്പെട്ടു. പരാജയപ്പെട്ടെങ്കിലും നെറ്റ് റൺറേറ്റിന്റെയും മറ്റും ആനുകൂല്യത്തിൽ ആലപ്പി സെമിഫൈനലിലേക്ക് മുന്നേറി.
നിലവിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള തൃശൂരും ട്രിവാൻഡ്രം റോയൽസും ഇതിനോടകം അവസാന നാലിൽ ഇടംപിടിച്ചിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസ് 18.4 ഓവറിൽ 173 റൺസിന് പുറത്തായി. സെമി സാധ്യതകൾ പൂർണ്ണമായും അവസാനിച്ച കൊച്ചി ടീം, ഈ മത്സരത്തിൽ പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായാണ് കളത്തിലിറങ്ങിയത്.
ജോബിൻ ജോബിയും വിപുൽ ശക്തിയും ചേർന്നുള്ള പുതിയ സഖ്യം ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. എതിർനിര ബൗളർമാരെ കളം വാണടിച്ച് ഇരുവരും ചേർന്ന് ആറാം ഓവറിൽ തന്നെ കൊച്ചിയുടെ സ്കോർ അമ്പത് കടത്തി.
ഫീൽഡിങ്ങിൽ സംഭവിച്ച ചില പിഴവുകളും ക്യാച്ചുകൾ നഷ്ടപ്പെട്ടതും ആലപ്പിക്ക് വലിയ തിരിച്ചടിയായി. സ്കോർ എഴുപതിൽ നിൽക്കെ 39 റൺസെടുത്ത വിപുൽ ശക്തി റണ്ണൗട്ടായി മടങ്ങി.
തുടർന്ന് ജോബിനൊപ്പം മനുകൃഷ്ണൻ കൂടിയായതോടെ കൊച്ചിയുടെ റൺവേഗം വീണ്ടും വർദ്ധിച്ചു. പന്ത്രണ്ടാം ഓവറിൽ ടീം സ്കോർ നൂറ് കടന്നു.
ശ്രീരൂപ് എറിഞ്ഞ പതിമൂന്നാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും നേടി ജോബിൻ തന്റെ അർദ്ധസെഞ്ച്വറി തികച്ചു. തൊട്ടടുത്ത ഓവറിൽ 31 റൺസ് എടുത്ത മനുകൃഷ്ണൻ പുറത്തായി.
പിന്നീട് ക്രീസിലെത്തിയ മുഹമ്മദ് ആഷിഖും ജോബിനും ചേർന്ന് വെറും 19 പന്തുകളിൽ നിന്ന് 53 റൺസാണ് അടിച്ചുകൂട്ടിയത്. പത്ത് പന്തുകളിൽ നിന്ന് 31 റൺസ് നേടിയ ആഷിഖ് മടങ്ങിയ ശേഷം ക്രീസിലെത്തിയ സച്ചിൻ സുരേഷും (16) വലിയ ഷോട്ടുകളുമായി കളം നിറഞ്ഞു.
ആലപ്പി ക്യാപ്റ്റൻ സച്ചിൻ ബേബി ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ടൈഗേഴ്സിന്റെ സ്കോർ ബോർഡ് കുതിച്ചുയർന്നു. ഒടുവിൽ അവസാന ഓവറിലെ രണ്ടാം പന്തിൽ ജോബിൻ ജോബി തന്റെ കരിയറിലെ മികച്ച സെഞ്ച്വറി പൂർത്തിയാക്കി.
32 പന്തുകളിൽ നിന്ന് അർദ്ധശതകം തികച്ച താരം, സെഞ്ച്വറിയിലെത്താൻ 16 പന്തുകൾ കൂടി മാത്രമാണ് എടുത്തത്. പത്ത് ഫോറുകളും എട്ട് സിക്സുകളും സഹിതം 109 റൺസുമായി ജോബിൻ പുറത്താകാതെ നിന്നു.
ഈ പ്രകടനത്തിലൂടെ കെസിഎല്ലിന്റെ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോഡും ഈ പത്തൊൻപതുകാരൻ സ്വന്തമാക്കി. ആലപ്പിക്ക് വേണ്ടി സിബിൻ ഗിരീഷ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിൾസിനായി തുടക്കം മുതൽ തകർർത്തടിച്ച മുഹമ്മദ് അസറുദ്ദീന്റെ മികവിൽ ടീം നാലാം ഓവറിൽ തന്നെ അമ്പത് കടന്നു. എന്നാൽ അസറുദ്ദീൻ പുറത്തായതോടെ ആലപ്പിയുടെ തകർച്ച ആരംഭിച്ചു.
14 പന്തുകളിൽ ഒരു ഫോറും നാല് സിക്സും ഉൾപ്പെടെ 32 റൺസ് നേടിയാണ് താരം മടങ്ങിയത്. പിന്നാലെ എത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിക്കും ആകാശ് പിള്ളയ്ക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല.
സച്ചിൻ 7 റൺസും ആകാശ് 10 റൺസുമെടുത്ത് പുറത്തായി. തുടർന്ന് ക്രീസിലെത്തിയ കെ.എ.
അരുണിന്റെ മികച്ച ചെറുത്തുനിൽപ്പാണ് ആലപ്പിയുടെ സ്കോർ 173-ൽ എത്തിച്ചത്. 32 പന്തുകളിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സും സഹിതം അരുൺ 59 റൺസ് നേടി.
22 റൺസെടുത്ത അക്ഷയ് ടി.കെ.യും 26 റൺസെടുത്ത ശ്രീരൂപുമാണ് ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റ് താരങ്ങൾ.
കൊച്ചിക്കായി മുഹമ്മദ് ആഷിഖ് മൂന്ന് വിക്കറ്റും മനുകൃഷ്ണൻ, ഏദൻ ആപ്പിൾ ടോം എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി വിജയം ഉറപ്പാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

