നന്ദിയോട് പഞ്ചായത്തിലെ കുറുപ്പുഴ വില്ലേജിൽ ഉൾപ്പെടുന്ന ഹരിജൻ ഉന്നതിയിലെ 40 കുടുംബങ്ങൾ കരം ഒടുക്കാൻ കഴിയാതെ പ്രതിസന്ധിയിൽ. സ്വന്തമായി ഭൂമിയുണ്ടെങ്കിലും ഇതിന്റെ ആനുകൂല്യങ്ങളോ പ്രയോജനമോ ലഭിക്കാത്ത അവസ്ഥയിലാണ് ഇവിടുത്തെ താമസക്കാർ.
9 ഏക്കർ വരുന്ന ഈ പ്രദേശത്ത് കരം ഒടുക്കി കിട്ടാത്തത് കാരണം മക്കൾക്ക് വസ്തു എഴുതി നൽകാനോ, വായ്പ എടുക്കാനോ, മറ്റ് ക്രയവിക്രയങ്ങൾ നടത്താനോ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ചരിത്രപരമായ പശ്ചാത്തലം പരിശോധിക്കുമ്പോൾ, 1968-69 കാലയളവിൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിൽ നിന്നാണ് പട്ടികജാതി കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഈ ഭൂമി ലഭിച്ചത്.
തുടർന്ന് ഈ കുടുംബങ്ങളിൽ 5 എണ്ണത്തിന് സർക്കാർ എൻ.എഫ് പട്ടയവും ലഭിക്കുകയുണ്ടായി. 2013 വരെ ഇവർ മുടങ്ങാതെ കരം അടച്ചിരുന്നെങ്കിലും, അതിനുശേഷമുള്ള വർഷങ്ങളിൽ വില്ലേജ് അധികൃതർ കരം സ്വീകരിക്കാൻ തയ്യാറായില്ല.
കൈവശം പട്ടയമുണ്ടെങ്കിലും കരം ഒടുക്കാൻ സാധിക്കാത്തത് കാരണം ഈ രേഖകൾക്കൊന്നും യാതൊരു വിലയുമില്ലാത്ത അവസ്ഥയാണുള്ളത്. പ്രദേശം വനംവകുപ്പിന്റെ പരിധിയിൽ വരുന്നതാണെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
എന്നാൽ പരമ്പരാഗതമായി ഇവിടെ താമസിക്കുന്ന മറ്റു മൂന്ന് കുടുംബങ്ങൾക്ക് കരം ഒടുക്കാൻ സാധിച്ചിട്ടുണ്ടെന്നും, ഇത് വനംഭൂമിയിൽ ഉൾപ്പെടില്ലേ എന്നും ഉന്നതി നിവാസികൾ ചോദ്യം ഉയർത്തുന്നുണ്ട്. ഓരോ തിരഞ്ഞെടുപ്പ് കാലത്തും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഇവിടെയെത്തി സർവേ നടത്താറ പതിവാണ്.
പലതവണ വസ്തു അളന്നു തിട്ടപ്പെടുത്തിയെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണുള്ളത്. കരം ഒടുക്കി കിട്ടാത്തത് മൂലം സർക്കാരിന്റെ നിരവധി ആനുകൂല്യങ്ങളും ഈ കുടുംബങ്ങൾക്ക് നഷ്ടപ്പെടുന്നു.
പ്രദേശം വനംഭൂമി അല്ലെന്ന് അധികൃതർക്ക് ബോ്യമുണ്ടെങ്കിലും തങ്ങൾക്ക് അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി. ഈ വിഷയത്തിൽ പുതിയ സർക്കാരിന് മുന്നിൽ ഔദ്യോഗികമായി ആവശ്യങ്ങൾ ഉന്നയിക്കാനും, പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനുമാണ് ഇവിടുത്തെ ജനങ്ങളുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

