അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ പത്തനംതിട്ട ജില്ലയിലെ വ്യാപാരികൾക്ക് കനത്ത സാമ്പത്തിക നഷ്ടം. ഓണവിപണി ലക്ഷ്യമാക്കി കരുതിയ മുഴുവൻ സ്റ്റോക്കുകളും ഒറ്റരാത്രികൊണ്ട് വെള്ളത്തിലായി നശിച്ചു.
റാന്നി നഗരത്തിൽ വെള്ളമിറങ്ങിയതിനെത്തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡുകളും കടകളും ശുചീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. എന്നാൽ ആറന്മുള മേഖലയിൽ ഇതുവരെ വെള്ളം പൂർണ്ണമായി ഇറങ്ങിയിട്ടില്ല.
2018ലെ മഹാപ്രളയത്തെ അതിജീവിച്ച് ജീവിതം പതുക്കെ കെട്ടിപ്പടുക്കുന്നതിനിടയിലാണ് വ്യാപാരികൾക്കും നാട്ടുകാർക്കും വീണ്ടും കനത്ത ആഘാതമുണ്ടായിരിക്കുന്നത്. പമ്പയാറിൽ നിന്നും കരകവിഞ്ഞൊഴുകിയെത്തിയ വെള്ളം നൂറുകണക്കിന് ആളുകളുടെ പ്രതീക്ഷകളാണ് ഒറ്റയടിക്ക് തകർത്തത്.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര സഹായമാണ് ഇപ്പോൾ ഏവരുടെയും ഏക ആശ്രയം. രാവിലെ റാന്നി എംഎൽഎ പഴകുളം മധുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊലീസും ചേർന്ന് ടൗണിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
ശുചീകരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സജീവമായി രംഗത്തിറങ്ങണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. ഇതിനിടയിൽ, തുടർച്ചയായി വെള്ളം കയറുന്ന സാഹചര്യത്തിലും മാലിന്യ നീക്കം സ്വന്തം നിലയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട
പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം ഉയർന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെങ്കിലും ഏകോപനമില്ലായ്മയും കൃത്യസമയത്ത് ഭക്ഷണം ലഭിക്കാത്തതും വലിയ പരാതികൾക്കും തർക്കങ്ങൾക്കും കാരണമായി.
കോഴഞ്ചേരി മേലുകര ക്യാമ്പിൽ ആവശ്യത്തിന് മരുന്ന് എത്തിക്കാത്തതും ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. റാന്നിയിൽ നിന്ന് പിൻവാങ്ങിയ വെള്ളം ഇപ്പോൾ അപ്പർ കുട്ടനാട് മേഖലയിലേക്ക് ഒഴുകിയെത്തുകയാണ്.
ആറന്മുളയിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. പ്രദേശം പൂർണ്ണമായും സാധാരണ നിലയിലാകാൻ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
ജില്ലയിൽ തിരുവല്ല, മല്ലപ്പള്ളി മേഖലകളിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

