സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം പൂർണ്ണമായി തടഞ്ഞു. പുഴകളും തോടുകളും ഉൾപ്പെടെയുള്ള സകല ജലാശയങ്ങളിലും വിനോദ പ്രവർത്തനങ്ങൾ നടത്തുന്നതിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. വരുന്ന നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
എന്നാൽ മലയോര മേഖലകളിൽ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ കഴിയുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് ഉടൻ മാറിത്താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ ഇത്തരം മുൻകരുതലുകൾ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാകണം.
താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന ഇടങ്ങളിൽ താമസിക്കുന്നവരും സാഹചര്യം വിലയിരുത്തി ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂര ഉറപ്പില്ലാത്ത വീടുകളിൽ കഴിയുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. നദികൾ മുറിച്ചുകടക്കുന്നതും ജലാശയങ്ങളിൽ കുളിക്കുന്നതും മീൻപിടിക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കാനും വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ മാറ്റിവെക്കാനും അധികൃതർ നിർദ്ദേശം നൽകി. ദുരന്തസാധ്യതാ മേഖലകളിൽ കഴിയുന്നവർ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ച് അടിയന്തരമായി എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി നിൽക്കുകയോ സെൽഫി എടുക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രിയാത്രകൾ പൂർണ്ണമായും ഒഴിവാക്കണം.
വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ നടപ്പാതകളിലെയും ഇടവഴികളിലെയും വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. അപായസാധ്യത കണ്ടാല് 1912 എന്ന നമ്പറിലോ ദുരന്തനിവാരണ കൺട്രോൾ റൂം നമ്പറുകളായ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
സൗജന്യ ഹെൽപ് ലൈൻ നമ്പറുകൾ:
ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം: 04994 257700, 9446601700
ജോയിന്റ് ഡയറക്ടർ പഞ്ചായത്ത് കൺട്രോൾ റൂം: 04994 255782
ഫയർ ഫോഴ്സ്: 04994 230101, 101
പോലീസ്: 9497928721, 112
കെ.എസ്.ഇ.ബി: 9496011431, 1912
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

