രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി റിസർവ് ബാങ്ക് അവതരിപ്പിച്ച പ്രത്യേക പദ്ധതിക്ക് പ്രവാസികളിൽ നിന്നും മികച്ച പ്രതികരണം. ഫോറിൻ കറൻസി നോൺ-റസിഡന്റ് ബാങ്ക് അഥവാ എഫ്സിഎൻആർ (ബി) പദ്ധതിയിലൂടെ രാജ്യത്തേക്ക് വൻതോതിൽ വിദേശ നിക്ഷേപം ഒഴുകിയെത്തുന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
പദ്ധതിയുടെ ആദ്യ 58 ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെ ബാങ്കുകൾ ഉൾപ്പെടെയുള്ളവയിലൂടെ രാജ്യത്തേക്ക് എത്തിയത് 3672 കോടി ഡോളറാണ്. ഇന്ത്യൻ രൂപയുടെ നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഇത് ഏകദേശം 3.5 ലക്ഷം കോടി രൂപവരും.
പദ്ധതി ആരംഭിച്ച ജൂൺ 5 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് റിസർവ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. വിദേശ കറൻസി രൂപത്തിൽ തന്നെ ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപം നടത്താൻ പ്രവാസികൾക്ക് അവസരം നൽകുന്നതാണ് ഈ പദ്ധതി.
ഡോളർ, പൗണ്ട്, യെൻ തുടങ്ങിയ പ്രധാന വിദേശ കറൻസികളിൽ അക്കൗണ്ട് ആരംഭിച്ച് തുക സൂക്ഷിക്കാൻ സാധിക്കും. നിക്ഷേപത്തിനുള്ള പലിശയും കാലാവധി പൂർത്തിയാകുമ്പോൾ മുതലും ഇതേ വിദേശ കറൻസിയിൽ തന്നെ പിൻവലിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
നികുതി രഹിതമായി വരുമാനം നേടാനും വിദേശ കറൻസിയിൽ തന്നെ നിക്ഷേപം നിലനിർത്താനും പ്രവാസികൾക്ക് ലഭിച്ച സുവർണാവസരമാണിതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. നേരത്തെ ഇത്തരം നിക്ഷേപങ്ങൾക്ക് ബാങ്കുകൾ 3.5 മുതൽ 4 ശതമാനം വരെ മാത്രമാണ് പലിശ നൽകിയിരുന്നത്.
എന്നാൽ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അധിക ബാധ്യത റിസർവ് ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ബാങ്കുകൾ ഉയർന്ന പലിശ നൽകാൻ തയാറായി.
നിലവിൽ 6 മുതൽ 7.5 ശതമാനം വരെയാണ് പലിശ നിരക്ക്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാൻ മുന്നോട്ടുവന്നു.
ജൂൺ 5 ന് ആരംഭിച്ച ഈ പ്രത്യേക പദ്ധതി സെപ്റ്റംബർ 30 വരെയാണ് നിലവിലുള്ളത്. ഇതിനുള്ളിൽ 8000 കോടി ഡോളർ നിക്ഷേപം സമാഹരിക്കാൻ സാധിക്കുമെന്നാണ് എസ്ബിഐ റിസർച് അടക്കമുള്ളവരുടെ വിലയിരുത്തൽ.
ഇറാൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വർദ്ധിപ്പിക്കുകയും വിദേശനാണ്യ ശേഖരത്തിൽ വലിയ ഇടിവിന് കാരണമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്.
ജൂൺ 8 ന് ശേഷം 4081 കോടി ഡോളറിന്റെ വിദേശനാണ്യം ശേഖരിക്കാൻ സാധിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. എഫ്സിഎൻആർ (ബി) പദ്ധതിക്ക് പുറമെ, വിദേശ കറൻസി കടമെടുപ്പിലൂടെ 257 കോടി ഡോളറും എക്സ്റ്റേണൽ കമേഴ്സ്യൽ ലെൻഡിങ്ങിലൂടെ 151 കോടി ഡോളറും ലഭ്യമായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

