തിരുവനന്തപുരം നഗരസഭയിലെ ബി ജെ പി ഭരണത്തിന് കനത്ത പ്രഹരമായി ശാസ്തമംഗലം കൗൺസിലർ ശ്രീലേഖയുടെ രാജി നീക്കം. ഔദ്യോഗിക പദവികളിൽ നിന്നും രാജി വയ്ക്കാനുള്ള അപ്രതീക്ഷിത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തലസ്ഥാനത്തെ ഭരണം വലിയ പ്രതിസന്ധിയിലാകും.
സ്വതന്ത്ര കൗൺസിലർ പാറ്റുർ രാധാകൃഷ്ണൻ്റെ പിന്തുണയോടെ ആകെ 51 അംഗങ്ങളുടെ പിന്തുണയോടെയാണ് മേയർ വി വി രാജേഷ് നിലവിൽ നഗരസഭ മുന്നോട്ട് കൊണ്ടുപോകുന്നത്. കാപ്പാ കേസിൽ പ്രതിയായ ആർ സുഗതൻ ജയിലിൽ കഴിയുന്ന സാഹചര്യം നിലനിൽക്കെയാണ് പുതിയ വെല്ലുവിളിയായി രാജി വാർത്ത പുറത്തുവരുന്നത്.
ശ്രീലേഖ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഭരണപക്ഷത്തിന്റെ അംഗബലം 49 ആയി കുറയും. ഭരണമാറ്റം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയെങ്കിലും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സി പി എമ്മും കോൺഗ്രസും മേയറുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ബി ജെ പി നേതൃത്വത്തിനും ഈ പ്രതിസന്ധി വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
മുതിർന്ന നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുമ്പോൾ പാർട്ടി സംവിധാനവുമായി ഉണ്ടാകുന്ന ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ എതിരാളികൾക്ക് രാഷ്ട്രീയ ആയുധമാകുകയാണ്. വി വി രാജേഷ്ന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് തന്നെ കാര്യാലയത്തിൽ നിന്നും ശ്രീലേഖ ഇറങ്ങിപ്പോയതു മുതൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള അകൽച്ച ആരംഭിച്ചിരുന്നു.
കേന്ദ്രമന്ത്രിയുടെ സംവാദ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നിരുന്നു.
അന്ന് പാർട്ടി വേണ്ടത്ര സഹകരിച്ചില്ലെന്ന പരാതിയും ശ്രീലേഖയ്ക്കുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാന് ശ്രമിച്ചെങ്കിലും ആർ എസ് എസ് ഇടപെടலിലൂടെയാണ് വി വി രാജേഷ് ആ പദവിയിലേക്ക് എത്തിയത്.
നിലവിലെ മേയറുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പ്രധാന തർക്കവിഷയം. ജനങ്ങളെ അറിയിച്ചതിനു ശേഷം നൽകിയ രാജി പിൻവലിക്കുന്നത് ശ്രീലേഖയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി തിരിച്ചടിയാകും.
എന്നാൽ രാജിയിൽ ഉറച്ചുനിന്നാൽ ബി ജെ പി പാർട്ടി സംവിധാനത്തിന് അത് കനത്ത ആഘാതവുമായി മാറും. തലസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ എങ്ങോട്ട് തിരിയുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

