ട്രെയിൻ യാത്രകളിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടികൾ കർശനമാക്കി കേന്ദ്ര സർക്കാർ. റെയിൽവേ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ നിലവിൽ വരുന്നതോടെ, വിവിധ തരത്തിലുള്ള ക്രമക്കേടുകൾക്ക് വൻ തുക പിഴയായി നൽകേണ്ടി വരും.
കേന്ദ്ര സർക്കാരിന്റെ ‘ജൻ വിശ്വാസ് (ഭേദഗതി) ആക്ട്, 2026’ പ്രകാരമാണ് ഈ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ചെറിയ കുറ്റകൃത്യങ്ങൾക്ക് ക്രിമിനൽ നടപടികൾ ഒഴിവാക്കി, പകരം സാമ്പത്തിക പിഴ വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പ്രധാന മാറ്റങ്ങൾ ഇവയാണ്: ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് റെയിൽവേ ആക്ട് സെക്ഷൻ 137 പ്രകാരം കുറ്റകരമാണ്. ഇനിമുതൽ ഇത്തരക്കാർ പിടിക്കപ്പെട്ടാൽ, യാത്ര ചെയ്ത ദൂരത്തിനുള്ള യഥാർത്ഥ നിരക്കിനൊപ്പം കുറഞ്ഞത് 500 രൂപ അധിക പിഴയും നൽകേണ്ടി വരും.
വനിതകൾക്കായി സംവരണം ചെയ്ത കോച്ചുകളിലും ബെർത്തുകളിലും പുരുഷന്മാർ അതിക്രമിച്ചു കയറിയാൽ റെയിൽവേ ആക്ട് സെക്ഷൻ 162 പ്രകാരം 2500 രൂപ പിഴ ഈടാക്കും. ഇത്തരം സാഹചര്യങ്ങളിൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് കുറ്റക്കാരെ ട്രെയിനിൽ നിന്നും പുറത്താക്കാൻ പൂർണ്ണ അധികാരമുണ്ട്.
പിഴത്തുക റെയിൽവേ അധികൃതർക്ക് അടയ്ക്കാൻ തയ്യാറാകാതെ കേസ് കോടതിയിലെത്തിയാൽ, പിഴത്തുക ഇരട്ടിയായി വർദ്ധിക്കും. അതായത്, കോടതി മുഖേന ഈടാക്കുന്ന പിഴ 5000 രൂപ വരെയാകാം.
അതേസമയം, ട്രാൻസ്ജെൻഡർ വ്യക്തികളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും വേണ്ടിയാണ് നിയമങ്ങളിൽ ഇത്തരം നിർണ്ണായക മാറ്റങ്ങൾ വരുത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

