തൃപ്പൂണിത്തുറ എരൂർ പുതിയ റോഡിൽ നിന്നും ഇരുമ്പനം റോഡിലേക്കും, ആസാദ് – ഞാണംതുരുത്ത് റോഡിലേക്കും നീളുന്ന റെയിൽവേ ക്രോസുകൾ അതീവ അപകടകരമായ അവസ്ഥയിൽ. റെയിൽവേ പാളത്തിന് കുറുകെയുള്ള ടൈലുകൾ പല ഭാഗങ്ങളിലായി ഇളകിമാറിയതും, കൂർത്ത കല്ലുകൾ നിരന്നു കിടക്കുന്നതും നിത്യേനയുള്ള യാത്രാ തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നു.
മുൻപ് റെയിൽവേ അധികൃതർ ടാർ ചെയ്ത ഭാഗം പിന്നീട് കുത്തിപ്പൊളിച്ച് അശാസ്ത്രീയമായി ഉപേക്ഷിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഈ ഭാഗത്ത് ടൈലുകൾ പല നിരപ്പിലായതോടെ ഇരുചക്ര വാഹന യാത്രികർക്ക് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്.
നിരവധി സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളാണ് ഈ വഴി ദിവസവും സഞ്ചരിക്കുന്നത്. പാതയിലെ അപാകതകൾ കാരണം ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു വീണ് യാത്രക്കാർക്ക് പരുക്കേൽക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
റെയിൽവേ ക്രോസിലെ തകർന്ന ഭാഗങ്ങൾ എത്രയും വേഗം പുനർനിർമിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ട്രുറ ചെയർമാൻ വി.പി.
പ്രസാദ് രംഗത്തെത്തി. രണ്ട് റെയിൽവേ ക്രോസുകളിലും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ റെയിൽവേ അധികൃതർ തയാറാകണം.
ജനങ്ങളുടെ യാത്രാ സുരക്ഷ കണക്കിലെടുത്ത് വിഷയത്തിൽ റെയിൽവേയുമായി അടിയന്തര ചർച്ച നടത്താൻ നഗരസഭ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആസാദ് റോഡ് റെയിൽവേ ക്രോസ് കടക്കുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം ഓട്ടോറിക്ഷ ഡ്രൈവറായ ദിലീപ് കുമാർ വിവരിച്ചു.
“കഴിഞ്ഞ ദിവസം ആസാദ് റോഡിലെ റെയിൽവേ ക്രോസ് കടക്കുന്നതിനിടയിലാണു ഓട്ടോറിക്ഷയുടെ ടയർ ചരിഞ്ഞു കിടന്ന ടൈലുകൾക്കിടയിൽ കുടുങ്ങിയത്.” ടയർ കുടുങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷയുടെ ഹാൻഡിൽ ദിലീപ് കുമാറിന്റെ നെഞ്ചിലേക്ക് ശക്തമായി ഇടിക്കുകയായിരുന്നു.
നിലവിൽ അദ്ദേഹം ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

