കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലേക്ക്.
സർവീസ് നടത്തിപ്പ് തന്നെ അസാധ്യമാകുന്ന തരത്തിൽ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായെന്ന് ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ജില്ലയിൽ 410-ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്.
മുൻപ് യാത്രക്കാരിൽ 60 ശതമാനത്തോളം സ്ത്രീകളായിരുന്നുവെങ്കിൽ, സൗജന്യയാത്ര നിലവിൽ വന്നതോടെ സ്ഥിതി മാറിമറിഞ്ഞു. 80 ശതമാനത്തോളം ബസുകൾക്കും നിലവിൽ പ്രവർത്തനച്ചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
പ്രതിദിനം 1000 മുതൽ 4000 രൂപ വരെയാണ് ഓരോ ബസിനും ഉണ്ടാകുന്ന നഷ്ടം. പ്രതിഷേധവുമായി ജീവനക്കാർ
യാത്രക്കാരുടെ എണ്ണം കുറഞ്ഞത് ബസ് ജീവനക്കാരുടെ ജീവിതമാർഗ്ഗത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
വരുമാനം കുത്തനെ കുറഞ്ഞതോടെ ജീവനക്കാരുടെ വേതനം പകുതിയായി വെട്ടിക്കുറയ്ക്കേണ്ടി വന്ന അവസ്ഥയാണുള്ളത്. ഈ പ്രതിസന്ധി ഭരണകൂടത്തെ അറിയിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട
ബസ് സ്റ്റാൻഡിൽ ജീവനക്കാർ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ടിക്കറ്റ് മെഷീനുകൾക്ക് പകരം കുഴലപ്പം, അച്ചപ്പം തുടങ്ങിയ പലഹാരങ്ങൾ വിറ്റായിരുന്നു പലരുടെയും പ്രതിഷേധം.
വേതനത്തിലെ കുറവ് മൂലം ജീവനക്കാർ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്. ഉടമകൾ തന്നെ ഡ്രൈവിങ് സീറ്റിൽ
വരുമാനം കുറഞ്ഞതോടെ പല ഉടമകളും സ്വന്തം ബസുകളിൽ ഡ്രൈവർമാരായി ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്.
28 വർഷമായി സർവീസ് നടത്തുന്ന അനീസ് എ. ഹസൻ അത്തരത്തിൽ ഒരാളാണ്.
‘ചെലവിനുള്ള പണം പോലും കിട്ടുന്നില്ല. കയ്യിൽനിന്നു പണമിറക്കി വാഹനം നിരത്തിലിറക്കേണ്ട
സ്ഥിതിയാണ്. ഈ അവസ്ഥയിൽ ജീവനക്കാരെ നിയോഗിച്ച് മുന്നോട്ടുപോകാനാകില്ല.
അതിനാൽ, ഡ്രൈവറായി രംഗത്തിറങ്ങാൻ തീരുമാനിച്ചു’ എന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യങ്ങൾ ഇങ്ങനെ
സർക്കാരിന്റെ സൗജന്യയാത്രാ പദ്ധതിയെ തങ്ങൾ എതിർക്കുന്നില്ലെന്ന് ലാലു മാത്യു, ജനറൽ സെക്രട്ടറി, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
‘വരുമാനം കുറവുള്ള സ്ത്രീകൾക്കും സ്കൂൾ വിദ്യാർഥികൾക്കുമാണ് സൗജന്യ യാത്ര നൽകേണ്ടത്. കൃത്യമായ വരുമാനപരിധി ഏർപ്പെടുത്തി വേണമായിരുന്നു പദ്ധതി നടപ്പാക്കാൻ.
55 രൂപ വീതം കിലോമീറ്ററിന് നൽകിയാൽ സ്വകാര്യ ബസുകൾ വാടകയ്ക്ക് വിട്ടുനൽകാൻ തയാറാണ്. ഇന്ധനവും നികുതികളും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉടമ തന്നെ വഹിക്കാം’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിലെ ഗതാഗത മേഖലയിൽ 36.80 ശതമാനം സ്വകാര്യ ബസുകളും 63.20 ശതമാനം കെഎസ്ആർടിസിയും ആണ് പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

