പാലക്കാട് ജില്ലയിൽ നെൽക്കൃഷി മേഖലയിൽ നാടൻ പണിക്കാരെ ലഭിക്കാത്ത സാഹചര്യം രൂക്ഷമായതോടെ കർഷകർ പുതിയ നടീൽ രീതികളിലേക്ക് മാറുന്നു. വിളവെടുപ്പ് കാലങ്ങളിൽ തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ അതിഥിത്തൊഴിലാളികളെ ഉൾപ്പെടുത്തി കരാർ അടിസ്ഥാനത്തിൽ ഞാറുനടീൽ നടത്തുന്ന രീതിയാണ് ഇപ്പോൾ ജില്ലയിൽ പ്രചാരത്തിലുള്ളത്.
നീണ്ട കാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന അതിഥിത്തൊഴിലാളികൾ കൃത്യതയോടെയും വേഗതയിലും ജോലി പൂർത്തിയാക്കുന്നവരാണെന്ന് കർഷകർ അഭിപ്രായപ്പെടുന്നു.
ഇതിനായി വിവിധ രീതിയിലുള്ള കരാറുകളാണ് നിലവിലുള്ളത്. പ്രധാനമായും ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് ജില്ലയിൽ നടീൽ ജോലികൾക്കായി എത്തുന്നത്.
കർഷകർ തന്നെ ഞാറ് തയാറാക്കി നൽകി, അത് പറിച്ചുനടുന്നതിനായി കരാർ നൽകുന്നതാണ് നിലവിലെ പതിവ് രീതി. എന്നാൽ, ചിലർ ഞാറ് ഉൾപ്പെടെ തയാറാക്കി പാടത്തെത്തിച്ച് നട്ടുനൽകുന്ന ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുണ്ട്.
ഇതിനുപുറമെ, യന്ത്രവത്കൃത നടീൽ സംവിധാനങ്ങളും കർഷകർ ഉപയോഗപ്പെടുത്തുന്നു. സാമ്പത്തിക വശങ്ങൾ പരിശോധിക്കുമ്പോൾ, അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് ഒരേക്കർ പാടം നട്ടുതീർക്കാൻ 4500 രൂപയാണ് കൂലിയായി നൽകേണ്ടത്.
നാല് തൊഴിലാളികൾ ചേർന്ന് ഒരു ദിവസം കൊണ്ട് ഒരു ഏക്കറിലെ ജോലികൾ പൂർത്തിയാക്കും. തൊഴിലാളികളെ എത്തിക്കുന്നതിനും അവരെ നിയന്ത്രിക്കുന്നതിനും കരാറുകാർ മുൻകൈ എടുക്കുന്നു.
ചില പാടശേഖര സമിതികളും ഇത്തരം കരാർ രീതികൾക്ക് നേതൃത്വം നൽകുന്നുണ്ട്. യന്ത്രനടീലിനായി പാടത്തെത്തിക്കുന്ന ഞാറിന് ഏക്കറിന് 7000 രൂപയാണ് കൂലി.
ഞാറുപാകാൻ സൗകര്യമില്ലാത്ത കർഷകർക്കായി ട്രേകളിൽ ഞാറ് വളർത്തി എത്തിച്ചുനൽകുന്ന രീതിയും നിലവിലുണ്ട്. ഇതിനായി ഏക്കറൊന്നിന് 8000 രൂപയാണ് നിരക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

