കേച്ചേരിയിലെ പ്രമുഖ ജലസംഭരണിയായ പാറന്നൂർ ചിറ ഇപ്പോൾ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറുകയാണ്. മഴക്കാലം എത്തിയതോടെ ജലസമൃദ്ധമായ ചിറയുടെ സൗന്ദര്യം ആസ്വദിക്കാനും, നീന്തിക്കുളിക്കാനും, മീൻപിടുത്തത്തിൽ ഏർപ്പെടാനും നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്.
പ്രകൃതിഭംഗി പശ്ചാത്തലമാക്കിക്കൊണ്ട് റീൽസുകൾ ചിത്രീകരിക്കുന്നതിനും ഫോട്ടോകൾ പകർത്തുന്നതിനും യുവാക്കളടക്കമുള്ള വലിയൊരു വിഭാഗം താൽപ്പര്യം കാണിക്കുന്നുണ്ട്. വിവാഹ ഫോട്ടോ ഷൂട്ടുകൾക്കും ആൽബം ചിത്രീകരണങ്ങൾക്കും അനുയോജ്യമായ ലൊക്കേഷനായി ഇവിടം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ചൂണ്ടൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ടൂറിസം പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. കുട്ടികൾക്കായി ഒരുക്കിയ പാർക്ക്, ഓപ്പൺ ജിം, സന്ദർശക ഗാലറി, പൂന്തോട്ടം എന്നിവ അവധി ദിവസങ്ങളിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.
കൂടാതെ, പാറന്നൂർ കുരുത്തിച്ചാൽ പാലത്തിന് സമീപം പഞ്ചായത്ത് നിർമിച്ച ഹാപ്പിനസ് സെന്ററും സന്ദർശകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
വിനോദസഞ്ചാരത്തിനൊപ്പം വായനയെയും പ്രോത്സാഹിപ്പിക്കുന്നതിനായി പാറന്നൂർ ജനകീയ വായനശാല പ്രവർത്തകർ ചിറയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ സജ്ജീകരിച്ചിട്ടുള്ള റീഡിങ് കോർണർ സഞ്ചാരികൾക്ക് പ്രിയപ്പെട്ട
പുസ്തകങ്ങൾ വായിക്കാനുള്ള അവസരമൊരുക്കുന്നു. വായനാവാരത്തോട് അനുബന്ധിച്ച് നിരവധി പേരാണ് പുസ്തകങ്ങളുമായി ചിറയിലെത്തുന്നത്.
രാപ്പകൽ ഭേദമന്യേ പുസ്തകങ്ങൾ വായിക്കാൻ സൗകര്യമുള്ള ഈ വായനാ ഇടം പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ മാതൃകയായി മാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

