തമിഴ്നാട്ടിലെ നിലവിലെ സർക്കാർ അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് വ്യക്തമാക്കി. തങ്ങളുടെ ഭരണകൂടം ഉടൻ നിലംപതിക്കുമെന്ന് ചില കോണുകളിൽ നിന്ന് ഉയരുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു.
സർക്കാരിനെ പിന്തുണയ്ക്കുന്ന കക്ഷികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിലും അഴിമതി വിരുദ്ധ പോരാട്ടങ്ങളിലും സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ജോസഫ് വിജയ് കൂട്ടിച്ചേർത്തു.
ടിവികെ സർക്കാരിന്റെ പ്രവർത്തന കാലാവധി പൂർത്തിയാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് പി. ചിദംബരം ഉറപ്പ് നൽകിയതിന് പിന്നാലെ, കോൺഗ്രസ് നേതൃത്വത്തിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.
സെന്തിൽ ബാലാജി ഉൾപ്പെടെയുള്ള ഡിഎംകെ മുൻ മന്ത്രിമാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്കായി സർക്കാർ നൽകിയ അപേക്ഷ സംബന്ധിച്ച വിഷയവും ഇതിൽ ഉൾപ്പെട്ടേക്കാമെന്ന് കരുതപ്പെടുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് നടന്ന നീക്കങ്ങൾക്കെതിരെ ടിവികെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു.
സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കങ്ങൾ രഹസ്യാന്വേഷണ വിഭാഗം തകർത്തതായാണ് ടിവികെ നേതാക്കളുടെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.
മന്ത്രി നിർമൽ കുമാർ നൽകിയ വിവരപ്രകാരം, പാർട്ടിയിലെ 15 എംഎൽഎമാരെ ലക്ഷ്യമിട്ടാണ് അട്ടിമറി നീക്കങ്ങൾ നടന്നത്. ഇതിൽ 12 എംഎൽഎമാരെ പ്രതികൾ വിവിധ ഘട്ടങ്ങളിലായി ബന്ധപ്പെടുകയും, 35 കോടി രൂപ വരെ കോഴ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
വാഗ്ദാനങ്ങൾക്ക് വഴങ്ങാത്ത എംഎൽഎമാർക്കെതിരെ ഭീഷണി ഉയർന്നതായും ടിവികെ നേതൃത്വം വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

