ലോകത്തെ ഏറ്റവും വലിയ അഞ്ച് ഓഹരി വിപണികളിൽ ഇടംപിടിച്ചതിന് പിന്നാലെ, ഇന്ത്യൻ ഓഹരി വിപണിക്ക് കനത്ത തിരിച്ചടി. നിലവിൽ ആഗോള റാങ്കിംഗിൽ ഏഴാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദക്ഷിണ കൊറിയ ഇന്ത്യയെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കുതിച്ചുകയറി. ജൂൺ 1 വരെയുള്ള കണക്കുകൾ പ്രകാരം ദക്ഷിണ കൊറിയൻ ഓഹരി വിപണിയുടെ മൂല്യം 5.04 ട്രില്യൻ ഡോളറാണ്.
അതേസമയം ഇന്ത്യയുടെ വിപണി മൂല്യം 4.84 ട്രില്യൻ ഡോളറായി ചുരുങ്ങി. 5.15 ട്രില്യൻ ഡോളർ മൂല്യവുമായി തായ്വാനാണ് നിലവിൽ അഞ്ചാം സ്ഥാനത്തുള്ളത്.
കാനഡയും യുകെയും ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ കടുത്ത വെല്ലുവിളിയുമായി രംഗത്തുണ്ട്. ഓഹരി വിപണിയിലെ തകർച്ചയ്ക്ക് കാരണങ്ങൾ
നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ വിപ്ലവകരമായ മുന്നേറ്റമാണ് തായ്വാന്റെയും ദക്ഷിണ കൊറിയയുടെയും വിപണികൾക്ക് തുണയായത്.
തായ്വാനിലെ ഒരു മുൻനിര കമ്പനിയുടെ അവിശ്വസനീയ വളർച്ചയാണ് ആ രാജ്യത്തെ വിപണിയെ വൻ ഉയരങ്ങളിലെത്തിച്ചത്. തായ്വാൻ ഓഹരി സൂചികയുടെ 42 മുതൽ 45 ശതമാനം വരെ വിഹിതം ഈ ഒറ്റ കമ്പനിക്ക് മാത്രമാണ്.
സാംസങ്, എസ്കെ ഹൈനിക്സ് തുടങ്ങിയ ടെക് ഭീമന്മാരുടെ കുതിപ്പാണ് ദക്ഷിണ കൊറിയൻ വിപണിയുടെ കരുത്ത്. മറുവശത്ത്, ഇന്ത്യൻ വിപണി പലവിധ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ, എണ്ണവിലയിലെ വർധന, കോർപ്പറേറ്റ് കമ്പനികളുടെ മന്ദഗതിയിലുള്ള പ്രവർത്തനഫലം, പണപ്പെരുപ്പ ആശങ്കകൾ, രൂപയുടെ മൂല്യത്തകർച്ച, മൺസൂൺ മഴയെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ നിക്ഷേപകരെ ആശങ്കയിലാക്കുന്നു. 2026-ൽ ഇതുവരെ നിഫ്റ്റിയിൽ 15 ശതമാനവും സെൻസെക്സിൽ 12 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ലോകത്തെ പ്രമുഖ ഓഹരി വിപണികളുടെ നിലവിലെ മൂല്യം (ട്രില്യൻ ഡോളറിൽ)
∙ അമേരിക്ക: 78
∙ ചൈന (+ ഹോങ്കോങ്): 16
∙ ജപ്പാൻ: 8.8
∙ തായ്വാൻ: 5.15
∙ ദക്ഷിണ കൊറിയ: 5.04
∙ ഇന്ത്യ: 4.84
∙ കാനഡ: 4.6
∙ യുകെ: 4
∙ ഫ്രാൻസ്: 3.5
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

