കേരളത്തിലെ സ്വർണവിപണിയിൽ ഇന്ന് കാര്യമായ ചലനങ്ങളില്ല. ഇന്നലെ രേഖപ്പെടുത്തിയ അതേ നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 14,320 രൂപയും, ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നിക്ഷേപകരിൽ വലിയ തോതിലുള്ള ആശങ്കയാണ് സൃഷ്ടിക്കുന്നത്. യുഎസ് – ഇറാൻ സമാധാന കരാറിലെ തുടർനടപടികളാണ് ഇപ്പോൾ വിപണി ഉറ്റുനോക്കുന്നത്.
ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറുകയും യുഎസ് കേന്ദ്രങ്ങൾക്കുനേരെ ആക്രമണം ഉണ്ടാവുകയും ചെയ്തത് പ്രതിസന്ധി വർധിപ്പിച്ചു. പിന്നീട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് ചർച്ചകൾ പുനരാരംഭിക്കുകയും ലെബനനിലെ ഇസ്രയേൽ സൈനിക നീക്കം അവസാനിപ്പിക്കുകയും ചെയ്തെങ്കിലും വിപണിയിലെ അനിശ്ചിതത്വം മാറിയിട്ടില്ല.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4446.90 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം 54.20 ഡോളർ നഷ്ടത്തിൽ 4486.10 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇന്ന് ഔൺസിന് 4465 ഡോളർ വരെ താഴ്ന്നെങ്കിലും, നിലവിൽ 0.7 ശതമാനത്തോളം നേട്ടത്തിൽ 4500 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്.
ക്രൂഡോയിൽ വില വർധനയും പണപ്പെരുപ്പ ഭീഷണിയും വിപണിയെ ബാധിക്കുന്നുണ്ട്. യുഎസ് ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പണനയ തീരുമാനങ്ങളാണ് സ്വർണത്തിന്റെ ഭാവി നിശ്ചയിക്കുക.
അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തുകയോ വർധിപ്പിക്കുകയോ ചെയ്താൽ അത് സ്വർണത്തിന് തിരിച്ചടിയായേക്കാം. പലിശ നിരക്ക് ഉയർന്നാൽ യുഎസ് ട്രഷറി ബോണ്ടുകളിലേക്ക് നിക്ഷേപം മാറാനുള്ള സാധ്യത കൂടുതലാണ്, ഇത് സ്വർണത്തോടുള്ള ഡിമാൻഡ് കുറയ്ക്കും.
ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് തൊഴിൽ കണക്കുകളും ഫെഡ് റിസർവിന്റെ നിരീക്ഷണങ്ങളും നിർണായകമാണ്. ആഭരണ വിപണിയിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 11,830 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ചില ജ്വല്ലറികളിൽ ഇത് 11,765 രൂപ നിരക്കിലും ലഭ്യമാണ്. വെള്ളി വിലയിലും നേരിയ വ്യത്യാസങ്ങളുണ്ട്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച പ്രകാരം ഒരു ഗ്രാം വെള്ളിക്ക് 280 രൂപയാണ്. അതേസമയം, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഇത് 285 രൂപ നിരക്കിലാണ് വിൽക്കുന്നത്.
സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഏകദേശം 1.3 ലക്ഷം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

