കോഴിക്കോട് നഗരത്തിലെ പ്രധാന പാതയായ മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് നവീകരണ പ്രവൃത്തികൾ മാസങ്ങളായി ഇഴഞ്ഞു നീങ്ങുന്നത് ജനങ്ങൾക്ക് കടുത്ത ദുരിതമായി മാറുന്നു. മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗങ്ങളിൽ നാമമാത്രമായ മണ്ണ് നീക്കം ചെയ്യൽ പ്രവൃത്തികൾ മാത്രമാണ് നിലവിൽ നടക്കുന്നത്.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ യന്ത്രസാമഗ്രികളും നിർമാണ സാമഗ്രികളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. എരഞ്ഞിപ്പാലം ഭാഗത്ത് ഓടയുടെയും കേബിൾ ഡക്ടിന്റെയും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
പൂർത്തിയായ ഓടകളുടെയും ഡക്ടുകളുടെയും മുകൾഭാഗം സ്ലാബിടാതെ തുറന്നുകിടക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. മഴവെള്ളവും ചെളിയും നിറഞ്ഞ് കിടക്കുന്ന ഇവ കൊതുക് പെരുകുന്നതിനും പകർച്ചവ്യാധികൾക്കും കാരണമാകുന്നു.
ഡക്ടുകളിൽ നിന്ന് പുറത്തേക്ക് നിൽക്കുന്ന കമ്പികൾ കാൽനടയാത്രക്കാർക്ക് ഗുരുതര ഭീഷണിയാണ് ഉയർത്തുന്നത്. കൂടാതെ, പാതയോരത്തുള്ള ട്രാൻസ്ഫോമറുകൾ മാറ്റുന്നതിലും മരങ്ങൾ വെട്ടിമാറ്റുന്നതിലും കാലതാമസം നേരിടുന്നുണ്ട്.
റോഡിന്റെ ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കാൻ ഇനിയും ബാക്കിയുണ്ട്. നിർമാണത്തിലെ കാലതാമസത്തിന് കാരണമായി കേരള റോഡ് ഫണ്ട് ബോർഡ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “ടാർ ലഭിക്കാത്തതും നാട്ടിൽ പോയ തൊഴിലാളികൾ തിരിച്ചെത്താതുമാണു പണി ഇഴയുന്നതിനു കാരണമായി”.
അതേസമയം, സ്കൂളുകൾക്ക് മുന്നിലുള്ള ഡക്ടുകൾ പൂർണമായും സ്ലാബിട്ട് മൂടിയെന്നും, നിർമിച്ച ഓടകളും ഡക്ടുകളും ഒരാഴ്ചയ്ക്കകം സ്ലാബിട്ട് സുരക്ഷിതമാക്കുമെന്നും അധികൃതർ ഉറപ്പുനൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

