സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്ന നൂതന വികസന പദ്ധതികളുടെ വിജയത്തിന് ബാങ്കിങ് മേഖലയുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് കൃത്യസമയത്ത് എത്തിക്കുന്നതിൽ ബാങ്കുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 10,000 പുതിയ ചെറുകിട
ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ സാങ്കേതിക പിന്തുണയും കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകളും ബാങ്കുകൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ, യുവസംരംഭകർക്ക് 5 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പ്രത്യേക പദ്ധതിയും നടപ്പിലാക്കും. പ്രവാസി നിക്ഷേപങ്ങളെ അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം മേഖലയ്ക്കും പ്രയോജനപ്പെടുത്തുന്നതിനായി കൊച്ചി രാജ്യാന്തര വിമാനത്താവള മാതൃകയിലുള്ള പുതിയ ആശയങ്ങൾ ബാങ്കുകൾക്ക് മുന്നോട്ടുവെക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ കനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവേന്ദ്ര കുമാർ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, എസ്എൽബിസി കൺവീനറും കനറാ ബാങ്ക് ജനറൽ മാനേജരുമായ വി.എസ്.സന്തോഷ്, റിസർവ് ബാങ്ക് മേഖല ഡയറക്ടർ പ്രവീൺ കുമാർ വസന്ത രാമചന്ദ്ര, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ
കേരളത്തിലെ ബാങ്ക് നിക്ഷേപം 12 ശതമാനം വാർഷിക വളർച്ചയോടെ 10.62 ലക്ഷം കോടി രൂപയായി ഉയർന്നു. വായ്പ വിതരണത്തിൽ 13 ശതമാനം വർധന രേഖപ്പെടുത്തി അത് 7.74 ലക്ഷം കോടി രൂപയിലെത്തി.
നിലവിൽ വായ്പ–നിക്ഷേപ അനുപാതം 72.88 ശതമാനമാണ്; ഇത് റിസർവ് ബാങ്ക് നിശ്ചയിച്ച 60 ശതമാനത്തേക്കാൾ ഉയർന്ന നിരക്കാണ്. കൃഷി വായ്പ ഇനത്തിൽ 12 ശതമാനം വളർച്ചയോടെ 1.73 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്.
സൂക്ഷ്മ ചെറുകിട ഇടത്തരം വായ്പകൾ 11 ശതമാനം വളർച്ച കൈവരിച്ച് 1.05 ലക്ഷം കോടി എന്ന റെക്കോർഡ് നിലവാരത്തിലെത്തി.
പ്രവാസി നിക്ഷേപത്തിലാകട്ടെ 11 ശതമാനം വർധനയോടെ 3.24 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

