ഹിമാചൽപ്രദേശിലെ സത്ലജ് നദിക്ക് കുറുകെയുള്ള ഇരുമ്പുപാലം ട്രക്ക് കടന്നുപോകുന്നതിനിടെ തകർന്നുവീണു. ചൊവ്വാഴ്ച റെക്കൊങ് പിയോയ്ക്കും ടാപ്രിക്കുമിടയിൽ ദേശീയപാത 5-ൽ (പഴയ ഹിന്ദുസ്ഥാൻ-തിബറ്റ് റോഡ്) ഉർണി ധങ്കിന് സമീപമാണ് അപകടം നടന്നത്.
190 അടി നീളമുള്ള പാലത്തിലൂടെ മണൽ കയറ്റിയ പത്ത് ടയറുകളുള്ള ഡമ്പർ ട്രക്ക് കടന്നുപോകുന്നതിനിടെയാണ് നിർഭാഗ്യകരമായ സംഭവം ഉണ്ടായത്. വാഹനം മറുകരയിലേക്ക് എത്തുന്നതിനിടെ പാലം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു.
ട്രക്ക് നദിയിലേക്ക് പതിച്ചെങ്കിലും ഡ്രൈവർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരുക്കേറ്റ ഡ്രൈവറെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലം തകർന്നതോടെ കിന്നൂരിനെയും ലാഹൗളിനെയും സ്പിതിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ ബദൽ റൂട്ടുകളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
വാഹനത്തിൽ അമിതഭാരം ഉണ്ടായിരുന്നുവെന്ന് അധികൃതർ പ്രാഥമിക നിഗമനത്തിൽ വ്യക്തമാക്കി. സംഭവമറിഞ്ഞയുടൻ ടാപ്രി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതായി എസ്പി സുശീൽ ശർമ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

