തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട് കടുത്ത തർക്കങ്ങൾ ഉടലെടുക്കുന്നു. ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അക്കൗണ്ട്സ് ഓഫിസറായിരുന്ന ബി.ദീപയെ ബോർഡ് സെക്രട്ടറിയായി ഉയർത്തി നിയമിക്കാൻ തീരുമാനിച്ചത്.
മുൻ സെക്രട്ടറിയായിരുന്ന പി.എൻ.ഗണേശൻ പോറ്റി വിരമിച്ച ഒഴിവിലേക്കാണ് ഈ നിയമനം നടത്തിയത്. ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റിയുടെ (ഡിപിസി) ശുപാർശ പ്രകാരമാണ് നിയമനമെന്ന് ബോർഡ് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട
സുപ്രധാന വിവരങ്ങൾ ഡിപിസിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുകാരായ ഊരാളുങ്കൽ സൊസൈറ്റിയുടെ ഇവന്റ് മാനേജ്മെന്റ് വിഭാഗത്തിന്, അക്കൗണ്ട്സ് ഓഫിസറായിരിക്കെ ബി.ദീപ പണം നൽകിയത് കോടതിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് നേരത്തെ സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഈ വിഷയത്തിൽ, 2025 ഓഗസ്റ്റ് 8 മുതൽ 2026 ഫെബ്രുവരി 2 വരെയുള്ള കാലയളവിലെ ധനലക്ഷ്മി ബാങ്ക് അക്കൗണ്ട് ഇടപാടുകളും ലെഡ്ജർ ബാലൻസും നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ഉദ്യോഗസ്ഥയുടെ ഭരണപരമായ വീഴ്ചയും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ന് ജീവനക്കാരുടെ ഒരു വിഭാഗം ആരോപിക്കുന്നു.
അതേസമയം, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ഒ.ജി.ബിജുവിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി ബോർഡ് ഉത്തരവിട്ടു. സന്നിധാനത്തിലെ ആടിയശിഷ്ടം നെയ്യ് ഇടപാടിൽ എക്സിക്യൂട്ടീവ് ഓഫിസറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ഒരുകൂട്ടം ജീവനക്കാർ ഉന്നയിക്കുമ്പോൾ, ആ അഴിമതി കണ്ടെത്തി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത് താനാണെന്ന് ഒ.ജി.ബിജു അവകാശപ്പെടുന്നു.
തീർഥാടന കാലത്ത് താൽക്കാലിക ജീവനക്കാർ അനധികൃതമായി പണം അയക്കുന്ന രീതി തടയാൻ ഇടപെട്ടതും താനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

