ചാലക്കുടി അതിരപ്പിള്ളി മേഖലയിലെ രൂക്ഷമായ കാട്ടാനശല്യത്തിന് പരിഹാരം കാണുന്നതിനായി സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മന്ത്രി ഷിബു ബേബി ജോണിന് ഉണ്ടായ അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. യാത്രയ്ക്കിടെ വഴിയിൽ കാട്ടാന തടസ്സം സൃഷ്ടിച്ച സാഹചര്യം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
‘വനംമന്ത്രിയെ വനപാലകർക്കൊപ്പം കാട്ടാനയും ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു!’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം അനുഭവം വിവരിച്ചത്. സംഭവത്തെക്കുറിച്ച് മന്ത്രി നൽകുന്ന വിശദീകരണം ഇങ്ങനെ: ‘ഇന്നലെ ചാലക്കുടി അതിരപ്പിള്ളി പ്രദേശത്തെ രൂക്ഷമായ കാട്ടാനശല്യത്തിനു ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര യോഗത്തിൽ പങ്കെടുക്കാനാണ് ഞാൻ എത്തിയത്.
യാത്രാമധ്യേ ഞങ്ങളുടെ വഴിക്ക് കുറുകെ ഒരു കാട്ടാന കടന്നുവന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ‘ആനയെ തുരത്തിയ ശേഷം മന്ത്രി മുന്നോട്ട് പോയി’ എന്ന നിലയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഭാഗികമായി തെറ്റാണ്.
യഥാർഥത്തിൽ സംഭവിച്ചത് ഇതാണ്: യാത്രയ്ക്കിടയിൽ വഴിയുടെ കുറുകെ ഒരു കാട്ടാന നിൽപുണ്ടായിരുന്നു. കാടിന്റെയും വന്യജീവികളുടെയും സ്വാഭാവികതയെ മാനിച്ചുകൊണ്ട്, ആനയെ ഒട്ടും അസ്വസ്ഥനാക്കാതെ ഞങ്ങൾ ഏകദേശം 20 മിനിറ്റോളം തികച്ചും നിശബ്ദമായി വഴിവക്കിൽ കാത്തുനിന്നു.
ആന സ്വമേധയാ കാട്ടിനുള്ളിലേക്കു മറഞ്ഞതിനു ശേഷമാണു ഞങ്ങളുടെ വാഹനം മുന്നോട്ടുപോയത്. വന്യജീവികളോട് പുലർത്തേണ്ട
കരുതലും ആദരവും പാലിച്ച് മാത്രമാണ് ഞങ്ങൾ മുന്നോട്ട് പോയത്.’ അതേസമയം, ചാർപ്പ പാലം പരിസരത്ത് ചുള്ളിക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയത്. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ പലതവണ ആനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും ആന വീണ്ടും റോഡിലേക്ക് തിരിച്ചെത്തുകയായിരുന്നു. പത്തുമിനിറ്റോളം ഗതാഗതം തടസ്സപ്പെടുത്തിയ ആനയെ വനപാലകർ വീണ്ടും കാട്ടിലേക്ക് കയറ്റിവിട്ട
ശേഷമാണ് മന്ത്രിയുടെ വാഹനം കടന്നുപോയത്. വനംമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം വാഴച്ചാൽ സന്ദർശിക്കുന്നത്.
വന്യജീവികളുടെ സുരക്ഷയും ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിച്ചുകൊണ്ട് വനംവകുപ്പ് കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വ്യക്തമാക്കി. വനപാലകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

