ഹൊസ്ദുർഗ്-പാണത്തൂർ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി നടന്ന ടാറിങ് പ്രവൃത്തികൾക്കെതിരെ വ്യാപക പ്രതിഷേധം. നവീകരണത്തിന്റെ അവസാന റീച്ചായ പാണത്തൂർ പവിത്രംകയം ഭാഗത്ത് ശക്തമായ മഴയത്ത് മെക്കാഡം ടാറിങ് നടത്തിയതാണ് വിവാദത്തിന് കാരണമായത്.
ഞായറാഴ്ച രാത്രി എട്ടു മണിയോടെ പെയ്ത കനത്ത മഴയ്ക്കിടെയാണ് സംസ്ഥാന പാതയിൽ പവിത്രംകയം ഭാഗത്ത് ബിറ്റുമിൻ മിക്സ് നിരത്തിയത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ അനുവദിച്ചിരുന്ന കാലാവധി മേയ് 31-ന് അവസാനിക്കാനിരിക്കെ, തിടുക്കത്തിൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ കരാർ കമ്പനി കാണിച്ച അനാസ്ഥയാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
അശാസ്ത്രീയമായ രീതിയിൽ നടത്തിയ ഈ നിർമാണത്തിനെതിരെ മലനാട് വികസന സമിതി കെആർഎഫ്ബി (കേരള റോഡ് ഫണ്ട് ബോർഡ്) അധികൃതർക്ക് ഔദ്യോഗികമായി പരാതി നൽകി. സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തികൾ ഇപ്പോഴും പകുതി പോലും പൂർത്തിയായിട്ടില്ല.
നിർമാണ പ്രവർത്തനങ്ങളിലെ വീഴ്ചകൾ തടയുന്നതിനോ, നിലവാര പരിശോധന നടത്തുന്നതിനോ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളോ രാഷ്ട്രീയ നേതൃത്വമോ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
മഴയത്ത് റോഡിൽ നിരത്തിയ മെക്കാഡം മിക്സ് അടിയന്തരമായി നീക്കം ചെയ്യണമെന്നും, അനുകൂലമായ കാലാവസ്ഥയിൽ ശാസ്ത്രീയമായി ഒന്നാം ഘട്ട ടാറിങ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും മലയോര വികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കെആർഎഫ്ബിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

