പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന്റെ ഐക്കോണിക് തൊപ്പിയും കറുത്ത തിളങ്ങുന്ന കോട്ടും അണിഞ്ഞ് ഭരതനാട്യത്തിന്റെ മുദ്രകളുമായി എത്തുന്ന ഒരു സംഘം നർത്തകിമാർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ‘ബില്ലി ജീൻ’ എന്ന പ്രശസ്തമായ ഗാനത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ നൃത്തശൈലിയും ശാസ്ത്രീയ നൃത്തത്തിന്റെ ചാരുതയും സമന്വയിപ്പിച്ചാണ് ഈ ഫ്യൂഷൻ വിഡിയോ ഒരുക്കിയിരിക്കുന്നത്.
‘മുദ്രാസ് ഇൻ മൈക്കൽ ജാക്സൻസ് ബില്ലി ജീൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ വിഡിയോ ഇതിനോടകം 12 ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. ഈ സംരംഭത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം സ്വദേശിനിയായ സാരംഗി ശ്യാം, താൻ ഏറെ നാളായി ആഗ്രഹിച്ച ഒരു സ്വപ്നമാണ് ഈ വിഡിയോയിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്ന് വ്യക്തമാക്കി.
കുട്ടിക്കാലം മുതൽക്കേ മൈക്കൽ ജാക്സന്റെ നൃത്തച്ചുവടുകളുടെയും സംഗീതത്തിന്റെയും വലിയ ആരാധികയാണ് താനെന്നും സാരംഗി പറഞ്ഞു. സാരംഗിക്കൊപ്പം ലക്ഷ്മി ഷാജി, സമീക്ഷ, ചൈതന്യ, ഗൗതമി അരവിന്ദ്, ദിൽസാന സുനിൽ, മൃദുല മേനോൻ എന്നിവരും ഈ ദൃശ്യാവിഷ്കാരത്തിൽ അണിനിരക്കുന്നുണ്ട്.
ആറാം വയസ്സു മുതൽ ശാസ്ത്രീയ നൃത്തം അഭ്യസിച്ചു തുടങ്ങിയ സാരംഗി, ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. കൂടാതെ ഹിപ് ഹോപ്, ലൈറ്റ് ഫീറ്റ്, ലോക്കിങ്, ഹൗസ് തുടങ്ങിയ വെസ്റ്റേൺ സ്ട്രീറ്റ് സ്റ്റൈൽ നൃത്തങ്ങളിലും ഇവർക്ക് അറിവുണ്ട്.
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തും സാരംഗി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎസ്സി ഫിസിക്സിൽ ബിരുദം നേടിയിട്ടുള്ള സാരംഗി, തിരുവനന്തപുരം വെള്ളയമ്പലം വി.ജെ ലെയ്നിലെ ‘സ്വർഗീയം’ വീട്ടിൽ താമസിക്കുന്നു.
ഐഎസ്ആർഒ റിട്ട.സയന്റിസ്റ്റ് എൻ.ശ്യാം മോഹന്റെയും സെന്റ് തോമസ് എൻജിനീയറിങ് കോളജ് റിട്ട.പ്രഫസർ സീമ ശ്യാമിന്റെയും മകളാണ് ഇവർ. സോഫ്റ്റ്വെയർ എൻജിനീയറായ സംഗീത് ശ്യാം ആണ് സഹോദരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

