തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന ചിത്രമാണ് ജനനായകന്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം നടന് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന വേള മുതല്‍ വലിയ ശ്രദ്ധയാണ് ഈ സിനിമ നേടിയത്.
എന്നാല്‍, പൊങ്കല്‍ റിലീസായി ഈ വര്‍ഷം ജനുവരിയില്‍ എത്തേണ്ടിയിരുന്ന ചിത്രം ഇതുവരെയും പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. സിനിമയുടെ റിലീസ് തീയതിയെ സംബന്ധിച്ച് ഔദ്യോഗികമായ യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടുമില്ല.
ഇതിനിടെ, ചിത്രത്തിന്റെ സംവിധായകന് എച്ച് വിനോദ് നടത്തിയ പ്രതികരണം സിനിമാ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ജയറാമും ഉര്‍വ്വശിയും പ്രധാന വേഷങ്ങളിലെത്തുന്ന പരിമള ആന്‍ഡ് കോ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് സംവിധായകന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.
ജനനായകന് എന്ന് റിലീസ് ചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എച്ച് വിനോദ് മറുപടി നല്‍കിയത് ഇങ്ങനെയാണ്: “അത് ഞാന്‍ തീരുമാനിക്കുന്ന കാര്യമല്ല. നിങ്ങളോട് അത് സംബന്ധിച്ചുള്ള സത്യം പറയാനുള്ള ധൈര്യം പോലും എനിക്കില്ല.
ഇനി എനിക്ക് അതിനുള്ള ധൈര്യം ഉണ്ടായാലും അത് പങ്കുവെക്കാനുള്ള ധൈര്യം നിങ്ങള്‍ക്ക് ഉണ്ടാവില്ല”. ചിരിയോടെയാണ് അദ്ദേഹം ഇത് പറഞ്ഞതെങ്കിലും, ആരാധകര്‍ക്കിടയില്‍ ഈ മറുപടി ആശങ്കയും സംശയവും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട തടസ്സങ്ങളാണ് ജനുവരി 9-ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മുടങ്ങാന്‍ കാരണമായത്.
തുടര്‍ന്ന് മാര്‍ച്ച് 9-ന് സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി ചിത്രം കാണുമെന്ന വിവരം പുറത്തുവന്നെങ്കിലും, കമ്മിറ്റിയിലെ ഒരാള്‍ക്ക് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ആ നീക്കവും പരാജയപ്പെട്ടു. ഇതോടെ മെയ് മാസത്തില്‍ സിനിമ എത്തിയേക്കുമെന്ന ആരാധകരുടെ പ്രതീക്ഷയും അസ്തമിച്ചു.
നിലവില്‍, ജൂണ്‍ 22-ന് നടക്കുന്ന വിജയ്-യുടെ പിറന്നാളോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്തേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ പല തീയതികള്‍ വെച്ചുള്ള ഫാന്‍ മേഡ് പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

