ദേശീയപാതയിലൂടെയുള്ള യാത്ര സുഖകരമാകുമെന്ന പ്രതീക്ഷയിലാണ് ഓരോ യാത്രികരും. എന്നാൽ തുറവൂർ – പറവൂർ റീച്ച് നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ, പാതയുടെ സുരക്ഷയെച്ചൊല്ലി വിവിധ കോണുകളിൽ നിന്ന് ആശങ്കകൾ ഉയരുന്നുണ്ട്.
മേൽപാതകളിൽ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും യാത്രാസുരക്ഷ ചോദ്യചിഹ്നമായി തുടരുകയാണ്. താൽക്കാലികമായി ഗതാഗതം തുറന്നുകൊടുത്ത പാതയുടെ പല ഭാഗങ്ങളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുടെ കുറവ് വലിയ തോതിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
നിലവിൽ മേൽപാതകളിൽ യാത്രാബസുകളിൽ നിന്ന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇറങ്ങുന്നതും കയറുന്നതും കാണാം. ഒപ്പം കാൽനടയാത്രികരുടെ സാന്നിധ്യവും അപകടസാധ്യത വർധിപ്പിക്കുന്നു.
പ്രധാന പാത ഉയർന്നും സർവീസ് റോഡ് താഴ്ന്നുമാണ് മിക്ക സ്ഥലങ്ങളിലും നിർമിച്ചിട്ടുള്ളത്. ഇവിടെ അപകടത്തിൽപ്പെടുന്ന വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.
വലിയ ചരക്കുലോറികൾ ഉൾപ്പെടെയുള്ളവ യാതൊരു നിയന്ത്രണവുമില്ലാതെ പാതയോരങ്ങളിൽ നിർത്തിയിടുന്നതും പതിവാണ്. കൂടാതെ, ദേശീയപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന പലയിടങ്ങളിലും സർവീസ് റോഡുകൾക്ക് വേണ്ടത്ര വീതിയില്ലെന്നതും കനത്ത ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയുവെച്ചേക്കാം.
ആലപ്പുഴ നഗരത്തിലേക്കുള്ള പ്രവേശനം നിർമാണം പൂർത്തിയാകുമ്പോൾ എറണാകുളം ഭാഗത്തുനിന്നു വരുന്ന യാത്രക്കാർക്ക് ആലപ്പുഴ നഗരത്തിലേക്ക് പ്രവേശിക്കാൻ മാതാ സ്കൂളിനും പ്രൊവിഡൻസ് ആശുപത്രിക്കും ഇടയിലുള്ള തുമ്പോളി എക്സിറ്റ് പോയിന്റ് ആശ്രയിക്കേണ്ടി വരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ ഭാഗത്ത് സർവീസ് റോഡുകൾക്ക് വീതി വളരെ കുറവായതിനാൽ നിലവിൽ തന്നെ കനത്ത തിരക്കാണ്.
നഗരത്തിലേക്കുള്ള പ്രധാന എൻട്രി പോയിന്റും കൂടിയാകുമ്പോൾ ഇവിടത്തെ ഗതാഗതസമ്മർദ്ദം താങ്ങാനാവാത്തതാകും. ഇവിടെ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ കൊമ്മാടിയിൽ നിന്ന് ആലപ്പുഴ ബൈപാസിലേക്ക് പ്രവേശിച്ച്, കിലോമീറ്ററുകൾ താണ്ടി കളർകോട് ജംക്ഷൻ കഴിഞ്ഞാൽ മാത്രമെ ദേശീയപാതയിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കൂ.
സമാനമായി നഗരത്തിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നവർക്കും വീതികുറഞ്ഞ തുമ്പോളിയിലെ പടിഞ്ഞാറു വശത്തെ എൻട്രിയെ ആശ്രയിക്കേണ്ടി വരും. വേഗപരിധിയും യാത്രാ നിയമങ്ങളും എൻഎച്ച് 66 പരമാവധി 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെങ്കിലും, പലയിടങ്ങളിലും 60 അല്ലെങ്കിൽ 80 കിലോമീറ്റർ വേഗമേ അനുവദിക്കാൻ സാധ്യതയുള്ളൂ.
സർവീസ് റോഡുകളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഈ വേഗപരിധി വീണ്ടും കുറയും. എന്നാൽ നിലവിൽ അനുവദനീയമായ വേഗത്തിലും അപ്പുറത്താണ് പല വാഹനങ്ങളും ചീറിപ്പായുന്നത്.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് ഗൗനിക്കുന്നില്ല. പാതകളിൽ ലെയ്ൻ മാർക്കിങ് പൂർത്തിയാകുന്നതോടെ കർശനമായ യാത്രാനിയമങ്ങൾ പാലിക്കേണ്ടി വരും.
ആറുവരി പാതകളിൽ സാവധാനത്തിലുള്ള വാഹനങ്ങൾ ഏറ്റവും ഇടത് വശത്തെ ലെയ്നിലൂടെയും മറ്റ് വാഹനങ്ങൾ നടുവിലത്തെ ലെയ്നിലൂടെയും സഞ്ചരിക്കണം. ഏറ്റവും വലതു വശത്തെ ലെയ്ൻ സ്പീഡ് ലെയ്ൻ ആണെന്ന തെറ്റായ ധാരണ പലർക്കുമുണ്ട്.
എന്നാൽ ഇത് ഓവർടേക്കിങ്ങിനും ആംബുലൻസ്, ഫയർഫോഴ്സ് പോലുള്ള അത്യാഹിത വാഹനങ്ങൾക്കും മാത്രമുള്ളതാണ്. നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ആറുവരി ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനം ഉണ്ടായിരിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

