പച്ചപ്പുനിറഞ്ഞ തേയിലത്തോട്ടങ്ങളും കോടമഞ്ഞു മൂടിയ മലനിരകളുമായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായ ഇടുക്കി ജില്ല, ടൂറിസത്തിനപ്പുറം കേരളത്തിന്റെ സാമ്പത്തിക അടിത്തറയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
ജൈവവൈവിധ്യം കൊണ്ടും ഊർജോൽപാദന കൃഷി മേഖലകളിലെ സംഭാവനകൾ കൊണ്ടും സംസ്ഥാനത്തിന്റെ മടിശീല നിറയ്ക്കുന്നതിൽ മുൻപന്തിയിലാണ് ഈ മലയോര ജില്ല. ജൈവ വൈവിധ്യങ്ങളുടെ അപൂർവ കലവറയായ പെരിയാർ കടുവ സങ്കേതം ലോക ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനമാണ് അലങ്കരിക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണത്തിന് പിന്നാലെ 1899ൽ ലേക്ക് റിസർവായി പ്രഖ്യാപിക്കപ്പെട്ട പെരിയാർ പിന്നീട് 1934ൽ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.
രാജ്യം സ്വാതന്ത്ര്യം പ്രാപ്തമായ ശേഷം 1950ൽ പെരിയാർ വന്യജീവി സങ്കേതം എന്ന പേരിലേക്ക് മാറി. 1978ലാണ് പ്രോജക്ട് ടൈഗർ പദ്ധതിയിൽ ഉൾപ്പെടുത്തി കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.
925 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പെരിയാർ കടുവ സങ്കേതം ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നെങ്കിലും കൂടുതൽ പ്രദേശവും ഇടുക്കി ജില്ലയിലാണ്.
മുപ്പതിൽ അധികം ടൂറിസം കേന്ദ്രങ്ങളുമായി രാജ്യത്തെ തന്നെ ഏറ്റവും വലിയ ടൂറിസം ഹബ്ബാണ് ഇടുക്കി. മൂന്നാറും തേക്കഡിയും വാഗമണ്ണും കൂടാതെ അധികമാരും കേട്ടിട്ടുപോലുമില്ലാത്ത ഒട്ടേറെ വ്യൂ പോയിന്റുകളും ഇവിടെയുണ്ട്.
ഇലവീഴാപൂഞ്ചിറ, രാമക്കൽമേട്, പാഞ്ചാലിമേട്, കുട്ടിക്കാനം, പരുന്തുംപാറ, മാങ്കുളം–ആനക്കുളം, മീശപ്പുലിമല, ചിന്നാർ വന്യജീവി സങ്കേതം, മറയൂർ, കാന്തല്ലൂർ, വട്ടവട, പാമ്പാടുംചോല, കുണ്ടള, കൊളുക്കുമല, പൊന്മുടി എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. വർഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇടുക്കി തേടിയെത്തുന്നത്.
ഈ വർഷം ചൊക്രമുടിയിലും കൊരണ്ടക്കാടും നീലക്കുറിഞ്ഞി വസന്തം കാണാൻ പതിനായിരങ്ങൾ എത്തി. ഇനി നീലക്കുറിഞ്ഞി കാണാൻ എത്രനാൾ കാത്തിരിക്കണമെന്ന് കരുതിയിരിക്കെയാണ് മീശപ്പുലിമലയിൽ നീലക്കുറിഞ്ഞികൾ മൊട്ടിട്ടത്.
ഇടുക്കി തടാകത്തെ തടഞ്ഞു നിർത്തുന്നത് മൂന്നു അണക്കെട്ടുകളാണ്–ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇടുക്കി പദ്ധതിയുടെ ഭാഗമാണ് ഇവ മൂന്നും.
65 ചതുരശ്ര കിലോമീറ്ററാണു ഇടുക്കി പദ്ധതിയുടെ വൃഷ്ടി പ്രദേശത്തിന്റെ വിസ്തൃതി. ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്.
2280 അടിവരെ മാത്രമേ അണക്കെട്ടിലെ വെള്ളം വൈദ്യുതി ഉപയോഗത്തിനായി എടുക്കാവൂ. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്ടാണു ഇടുക്കിയിലേത്.
കുറവൻ, കുറത്തി മലകളെ ബന്ധിപ്പിച്ചാണു ആർച്ച് ഡാം നിർമിച്ചിരിക്കുന്നത്. വെള്ളത്തിന്റെ മർദം ഇരുഭാഗങ്ങളിലേക്കും ലഘൂകരിക്കുന്ന രീതിയിലാണു ഡാമിന്റെ നിർമാണം.
കനേഡിയൻ സർക്കാരിന്റെ സഹായത്തോടെ 1974 ലാണു അണക്കെട്ടിന്റെ നിർമാണം പൂർത്തീകരിച്ചത്. ആകെ 4.64 ലക്ഷം ഘന മീറ്റർ കോൺക്രീറ്റാണ് നിർമാണത്തിനായി വേണ്ടി വന്നത്.
11 കോടി രൂപയാണു ആർച്ച് ഡാമിന്റെ മൊത്തം ചെലവ്. സമുദ്രനിരപ്പിൽ നിന്നു 2400 അടി ഉയരത്തിലാണു ഇടുക്കി അണക്കെട്ടു നിർമിച്ചിരിക്കുന്നത്.
സംഭരണ ശേഷി 70 ടിഎംസി (തൗസന്റ് മില്യൻ ക്യുബിക് ഫീറ്റ്). കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയമാണ് മൂലമറ്റം പവർഹൗസ്.
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ചേർന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. കുളമാവ് അണക്കെട്ടിൽ നിന്നാണു മൂലമറ്റത്തെ ഭൂഗർഭനിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനു വെള്ളമെത്തിക്കുന്നത്.
780 മെഗാവാട്ടാണ് പൂർണ ഉൽപാദനശേഷി. സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനത്തിൽ മൂന്നിലൊന്ന് ഇടുക്കി പദ്ധതിയിൽ നിന്നാണ് ലഭിക്കുന്നത്.
1976 ഫെബ്രുവരി 12നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി മൂലമറ്റം വൈദ്യുതി നിലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രണ്ടു ഘട്ടങ്ങളിലായി 6 ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചത്.
ഒന്നാം ഘട്ടത്തിൽ 3 ജനറേറ്ററുകൾ സ്ഥാപിച്ചതോടെ അന്ന് കേരളം ആദ്യമായി മിച്ച വൈദ്യുതി സംസ്ഥാനമായി മാറി. ഭൂമിയുടെ അടിയിൽ 7 നിലകളിലായാണ് നിലയം സ്ഥാപിച്ചിരുന്നത്.
1963-64 കാലഘട്ടത്തിൽ കെഎസ്ഇബി സൂപ്രണ്ടിങ് എൻജിനീയർ ഇ.യു.പിലിപ്പോസിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചു. 1969 ഏപ്രിൽ 30നാണ് ഡാമിന്റെ നിർമാണം ആരംഭിച്ചത്.
ഇതിന് നേതൃത്വം നൽകിയത് ഇടുക്കി കലക്ടറും ഇടുക്കി പദ്ധതിയുടെ പ്രൊജക്ട് കോഓർഡിനേറ്ററുമായ ഡി.ബാബുപോളിന്റെ നേതൃത്വത്തിലാണ്. 1973 ഫെബ്രുവരിയിൽ ഡാമിൽ വെള്ളം നിറച്ച് തുടങ്ങി.
1975 ഒക്ടോബർ 4നാണ് നിലയത്തിന്റെ ട്രയൽ റൺ നടത്തിയത്. ഇടുക്കി പദ്ധതിയിൽ നിന്നു സംസ്ഥാനത്തിന് ഇതുവരെ 1174590 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ച് വിതരണം ചെയ്തത്.
140 വർഷം ചരിത്രമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിനെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇന്നും കേരളവും തമിഴ്നാടും തമ്മിലുള്ള സുപ്രീം കോടതി വ്യവഹാരത്തിൽ തുടരുകയാണ്. ഡാമിന്റെ ബലക്ഷയം കേരളത്തിന് ആശങ്കയാകുമ്പോൾ തന്നെ, തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾക്ക് ശുദ്ധജലം നൽകുന്നതും തേക്കടി ടൂറിസത്തിന്റെ വളർച്ചയും ഈ അണക്കെട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം ജലവൈദ്യുത പദ്ധതികളുള്ളത് ഈ ജില്ലയിലാണ്. ഇതിനുപുറമേ പന്ത്രണ്ടോളം ചെറുകിട
ജലവൈദ്യുത പദ്ധതികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 2021ൽ ഉദ്ഘാടനം ചെയ്ത അപ്പർ കല്ലാർ ചെറുകിട
ജലവൈദ്യുത പദ്ധതിയാണ് ഏറ്റവുമൊടുവിൽ കമ്മിഷൻ ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ കുത്തുങ്കൽ പദ്ധതി സേനാപതി പഞ്ചായത്തിലാണുള്ളത്.
ഹൈറേഞ്ചിലെ ജനങ്ങളുടെ സാമ്പത്തിക–സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച സുഗന്ധവ്യഞ്ജനമാണ് ഏലം. 2004ൽ 275 രൂപ വിലയുണ്ടായിരുന്ന ഒരു കിലോഗ്രാം ഏലയ്ക്കയുടെ വില ഇപ്പോൾ ശരാശരി 3000 രൂപയാണ്.
ഏകദേശം 4,500 കോടി രൂപയുടെ വിറ്റു വരവുള്ള ഏലം വിപണി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വലിയ സംഭാവനയാണ് നൽകുന്നത്. ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലാണ് സംസ്ഥാനത്ത് കൂടുതൽ ഏലം കൃഷിയുള്ളത്.
കൃഷി വകുപ്പിന്റെയും സ്പൈസസ് ബോർഡിന്റെയും കണക്കനുസരിച്ച് ജില്ലയിൽ 38,000 മുതൽ 50,000 ഹെക്ടർ വരെ സ്ഥലത്താണ് ഏലം കൃഷി ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ഏലം ഉൽപാദനത്തിന്റെ 90 ശതമാനവും കേരളത്തിൽ നിന്നാണ്.
ഇതിൽ തന്നെ 70 ശതമാനവും ഇടുക്കിയിൽ നിന്നാണ്. കുടിയേറ്റ കാലം മുതൽ ജില്ലയുടെ കാർഷിക ഭൂപടത്തിൽ പ്രധാന സ്ഥാനം വഹിച്ചിരുന്ന വിളയാണ് കുരുമുളക്.
2019ൽ കുരുമുളക് വില കുത്തനെ ഇടിഞ്ഞ് 340 രൂപയിലെത്തിയിരുന്നു. എന്നാൽ നിലവിൽ 750 രൂപ വരെ വില ഉയർന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം കുരുമുളക് ഉൽപാദിപ്പിക്കുന്ന ജില്ലയാണ് ഇടുക്കി. ജില്ലയിൽ 42,694 ഹെക്ടറോളം സ്ഥലത്ത് കുരുമുളക് കൃഷി ചെയ്യുന്നുണ്ട്.
പ്രതിവർഷം ശരാശരി 25,495 ടൺ കുരുമുളക് ഇവിടെ ഉൽപാദിപ്പിക്കുന്നു. ഇത് സംസ്ഥാനത്തിന്റെ ആകെ കുരുമുളക് ഉൽപാദനത്തിന്റെ 59 ശതമാനം വരും.
കാലാവസ്ഥയ്ക്ക് അനുയോജ്യമായ കരിമുണ്ട, പന്നിയൂർ തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. ഇടുക്കിയുടെ കിഴക്കൻ മേഖലയിൽ ഭൂപ്രകൃതിയിലും സംസ്കാരത്തിലും തമിഴ്നാടിനോട് ഏറെ സാമ്യമുള്ള മറയൂരും കാന്തല്ലൂരും വട്ടവടയും ശീതകാല പഴം പച്ചക്കറികളുടെ പ്രധാന ഉൽപാദന കേന്ദ്രങ്ങളാണ്.
അതോടൊപ്പം കേരളത്തിന്റെ അഭിമാന ബ്രാൻഡുകളായ മറയൂർ ശർക്കരയും മറയൂർ ചന്ദനവും ഈ നാടിന്റെ സവിശേഷതകളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

