ദുരന്ത നിവാരണത്തിന്റെ മറവിൽ ജനവിരുദ്ധ ഉത്തരവിറക്കി ജനങ്ങളെ ദ്രോഹിക്കുന്ന ജില്ലാ കലക്ടറെ നിലയ്ക്ക് നിർത്താൻ സർക്കാർ തയാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഈ മാസം അവസാനത്തോടെ കലക്ടറേറ്റിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കർഷക സംഘടനകളുടെ സഹകരണത്തോടെ വമ്പിച്ച ബഹുജന മാർച്ച് സംഘടിപ്പിക്കും.
വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറുവരെ യാത്രയ്ക്കും കൃഷി അനുബന്ധ ജോലികൾക്കും ജനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കലക്ടറുടെ ഉത്തരവിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. രണ്ട് ലക്ഷം ഏക്കർ തോട്ടം ഭൂമിയും കർഷകരുടെ കൃഷി ഭൂമിയും വ്യാപാര കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് ഇടുക്കി ജില്ല.
ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പ്രകാരം വ്യാപാര കേന്ദ്രങ്ങളിലേക്കും വിനോദ സഞ്ചാര മേഖലകളിലേക്കും ജനങ്ങൾക്ക് എത്തണമെങ്കിലും തിരികെ യാത്ര ചെയ്യണമെങ്കിലും രാത്രി യാത്ര ഒഴിച്ചു കൂടാനാവാത്തതാണ്. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോൾ ആണ് ജില്ലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന വിചിത്ര ഉത്തരവുമായി കലക്ടർ രംഗത്തെത്തിയിരിക്കുന്നത്തെന്നും സർക്കാരും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഏകോപന സമിതി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളി, വൈസ് പ്രസിഡന്റ് പി.എം ബേബി, ഭാരവാഹികളായ ഡയസ് ജോസ് പുല്ലൻ, സാന്റി മാത്യു കണ്ണാട്ട് എന്നിവർ വ്യക്തമാക്കി.
‘ഈ ആനത്താര എവിടുന്നു വന്നു?’ എന്ന് ചോദിച്ചുകൊണ്ട് ഇല്ലാത്ത ആനത്താരയുടെ പേരിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ ആവശ്യപ്പെട്ടു. ആനത്താര സംബന്ധിച്ചുള്ള 2023 ലെ കേന്ദ്രസർക്കാർ സർവേയിൽ ഒരെണ്ണം പോലും തെക്കൻ കേരളത്തിലോ ഇടുക്കി ജില്ലയിലോ ഇല്ല.
രാജ്യത്ത് ആകെയുള്ള 150 ആനത്താരകളിൽ തെക്കേ ഇന്ത്യയിൽ മുപ്പത്തൊന്നും കേരളത്തിൽ എഴും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വനഭൂമി ഇല്ലാത്ത ചിന്നക്കനാൽ പഞ്ചായത്തിലെ കൃഷിയിടങ്ങളിലേക്ക് ആനകൾ ഇറങ്ങുന്നത് വനത്തിനുള്ളിൽ ആവശ്യമായ തീറ്റയും വെള്ളവും ഇല്ലാത്തതു കൊണ്ടാണ്; അല്ലാതെ ആനത്താര ഉള്ളതു കൊണ്ടല്ല.
2023 ൽ ഇല്ലാതിരുന്ന ആനത്താര ഇടുക്കിയിൽ പെട്ടെന്ന് മുളച്ചു പൊന്തിയത് ഇഎസ്എ യുടെയും ഏക വനം പദ്ധതിയുടെയും ഭാഗമായാണെന്ന് വ്യക്തമാണ്. വന്യ മൃഗ ആക്രമണങ്ങളിൽ നിന്നും രക്ഷ തേടുന്നതിന് കർഷകർ നിർമിച്ച വേലികൾ പോലും പൊളിച്ച് നീക്കണമെന്ന കലക്ടറുടെ വിവാദ ഉത്തരവ് നിലനിൽക്കുമ്പോഴാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
വൈകിട്ട് ആറു മുതൽ രാവിലെ ആറുവരെ ജില്ലയിലെ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന കലക്ടറുടെ ഉത്തരവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ കുറ്റപ്പെടുത്തി. ജനങ്ങളെ ബന്ദികളാക്കുകയും സഞ്ചാരസ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന ഉത്തരവിനു പിന്നിലുള്ള ഗൂഢലക്ഷ്യം സർക്കാർ അന്വേഷിക്കണം.
ഭരണഘടന വിരുദ്ധവും മനുഷ്യത്വരഹിതവുമായ ഉത്തരവുകൾ തുടർച്ചയായി ഇറക്കി ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന കലക്ടർ വനം മാഫിയയുടെ ഏജന്റാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളെ അവരുടെ അതിജീവന മേഖലകളിൽ നിന്ന് നിഷ്കരുണം പുറത്താക്കുന്ന നടപടിയുണ്ടായാൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വന്യജീവി ആക്രമണം തടയുന്നതിനായി പുറപ്പെടുവിച്ച കലക്ടറുടെ ദുരന്ത നിവാരണ ഉത്തരവ് വിചിത്രമാണെന്നു ഇടുക്കി രൂപത പ്രതികരിച്ചു. വന്യജീവി ആക്രമണം ഉണ്ടാകാതിരി ക്കാൻ ആളുകൾ വൈകുന്നേരം 6 മണി മുതൽ 6 മണിവരെ പുറത്തിറങ്ങരുതെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഈ ഉത്തരവ് മനുഷ്യത്വരഹിതവും മൗലിക അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റവുമാണ്. മൂന്നാർ, പീരുമേട്, ഉടുമ്പൻചോല എന്നീ താലൂക്കുകൾ പൂർണമായും വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളാണ്.
ജില്ലയുടെ ഭൂമിശാസ്ത്ര പ്രത്യേകതയനുസരിച്ചു ബഹുഭൂരിപക്ഷം ആളുകൾക്കും രാത്രി പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് രൂപപ്പെടുന്നത്. വന്യമൃഗങ്ങളെ വനത്തിൽ നിയന്ത്രിക്കുന്നതിന് പകരം വേലികളെല്ലാം പൊളിച്ച് അവയെ തുറന്നു വിട്ട് മനുഷ്യരെ ബന്ധികളാക്കുന്ന ഈ നിയമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മീഡിയ കമ്മിഷൻ ഡയറക്ടർ ഫാ.
ജിൻസ് കാരയ്ക്കാട്ട് ആവശ്യപ്പെട്ടു. കലക്ടറുടെ ഉത്തരവ് വിചിത്രമാണെന്ന് ബിഡിജെഎസ് ജില്ലാ കമ്മിറ്റിയും കുറ്റപ്പെടുത്തി.
ഇടുക്കിയിലെ മലയോര മേഖല വനവും ജനവാസ കേന്ദ്രങ്ങളും ഇടകലർന്നതാണ്. വന്യജീവികളെ വനത്തിൽ നിയന്ത്രിച്ച് ജനങ്ങളുടെ ജീവനും കൃഷിക്കും സുരക്ഷയൊരുക്കുന്നതിന് പകരം ജനങ്ങളെ വീട്ടുതടങ്കലിൽ ആക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇഎസ്എ അന്തിമ വിജ്ഞാപനത്തിന് മുൻപ് ജനവാസ മേഖലയും വനഭൂമിയും സംബന്ധിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം പൊതുജനങ്ങളോട് പറയാൻ തയാറാകാത്ത പശ്ചാത്തലത്തിൽ കലക്ടറുടെ പുതിയ ഉത്തരവ് സംശയാസ്പദമാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. അതേസമയം, ഇടുക്കി ജില്ലയിൽ കാട്ടാനയാക്രമണം തടയാനെന്ന പേരിൽ സമീപകാലത്തു പുറപ്പെടുവിച്ച ഉത്തരവുകളിൽ വിശദീകരണവുമായി ജില്ലാ കലക്ടർ രംഗത്തെത്തി.
രാത്രികാലങ്ങളിൽ തോട്ടങ്ങളിൽ ജോലിയോ പ്രവേശനമോ ഇല്ല എന്ന നിർദേശമാണ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസിനു നൽകിയിട്ടുള്ളത്. അല്ലാതെ ഇതൊരു പൊതു ഉത്തരവല്ല.
വനമേഖലയോടു ചേർന്ന തോട്ടങ്ങളിൽ മാത്രമാണ് രാത്രികാലങ്ങളിലെ യാത്ര നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്, അല്ലാതെ ഇടുക്കി ജില്ലയിൽ മുഴുവനുമല്ല. മനുഷ്യ – വന്യജീവി സംഘർഷമുള്ള പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളായി വനം വകുപ്പ് അടയാളപ്പെടുത്തിയിട്ടുണ്ട്.
അവിടെ മാത്രമേ ഈ നിർദേശം ബാധകമാകുകയുള്ളൂ. ജനങ്ങൾക്കു ജാഗ്രതാ നിർദേശമാണു നൽകിയിരിക്കുന്നത്.
അതിനപ്പുറം ആരെയും തടഞ്ഞുവയ്ക്കില്ല. ആനയുടെ സഞ്ചാരപാതകളിൽ സർക്കാർ ഭൂമിയും വനവും കയ്യേറി സ്ഥാപിച്ചിട്ടുള്ള അനധികൃത നിർമാണങ്ങൾ ഉദ്ദേശിച്ചുള്ളതാണ് ആദ്യ ഉത്തരവ്.
ഒരു പട്ടയഭൂമിയിലെയും വേലി പൊളിച്ചതായി ഇതുവരെ വിവരമില്ല. അങ്ങനെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കും.
ചിന്നക്കനാലിൽ വ്യാപക കയ്യേറ്റമുണ്ട്. ഇത്തരം നിർമിതികൾ പലതും ആനയുടെ സഞ്ചാരപഥത്തിലാണ്.
പന്തടിക്കുളത്ത് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട വിജയന്റെ മൃതദേഹവുമായി സമരം ചെയ്ത നാട്ടുകാർ ഇത്തരം നിർമാണങ്ങൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് അനധികൃത നിർമാണങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത്. കൂടിയാലോചനയില്ലാതെ ഇറക്കിയ ഉത്തരവല്ല ഇത്.
വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിനു ശേഷമാണ് ഉത്തരവിറക്കിയത്. ആനയുടെ സഞ്ചാരപാതയെപ്പറ്റിയുള്ളതു ദുരന്തനിവാരണ ആക്ട് പ്രകാരമുള്ള ഉത്തരവാണ് ആദ്യത്തേത്.
എന്നാൽ രണ്ടാമത് ഇറക്കിയത് ഉത്തരവല്ല, അത് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസിനു നൽകിയ നിർദേശം മാത്രമാണെന്നും കലക്ടർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

