ടെഹ്റാൻ/ വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങൾ ലക്ഷ്യമാക്കി യുഎസ് സൈനിക ആക്രമണം. ഈ പാതയിൽ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ട
സംഭവത്തിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നടപടി. ഇറാനുനേർക്കു ചൊവ്വാഴ്ച ആക്രമണമുണ്ടായതായി യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളെ ലക്ഷ്യമിടാൻ ഇറാൻ ഒരുക്കിയിരുന്ന റഡാറുകളും മിസൈൽ വിക്ഷേപണ സംവിധാനങ്ങളും തകർക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഇറാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമിക്കുന്നത് തടയണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കർശന നിർദേശം നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ സൈനിക നീക്കം.
നേരത്തെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകൾക്കും അവിടെ വിന്യസിച്ചിരുന്ന യുഎസ് നാവികർക്കുമെതിരെ ഇറാൻ റവല്യൂഷനറി ഗാർഡ് ആക്രമണ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് തിരിച്ചടി ആരംഭിച്ചതെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു.
അതേസമയം, ഈ ആക്രമണത്തിന്റെ വ്യാപ്തിയോ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. നീണ്ട
ഇടവേളയ്ക്കു ശേഷം ഹോർമുസ് കടലിടുക്കിലെ ചെറുദ്വീപായ ലാറക്കിൽ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്കുനേരെ വ്യോമാക്രമണം നടത്തിയാണ് അമേരിക്ക ഈ മേഖലയിലെ സൈനിക ഇടപെടലുകൾ പുനരാരംഭിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ ആക്രമണങ്ങളും നടന്നിരിക്കുന്നത്.
അമേരിക്കൻ സൈന്യം ഇറാനിലെ ഖാർഗ് ദ്വീപ് ആക്രമിക്കുന്നതിന്റെ സാങ്കൽപിക ദൃശ്യങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

