മുന്തിരിയും ഓറഞ്ചും ഉൾപ്പെടെയുള്ള വിദേശ ഫലവർഗ്ഗങ്ങൾ നേരത്തെ തന്നെ വിളവെടുത്തു മാതൃക തീർത്ത വയനാടൻ മണ്ണിൽ, ഒടുവിൽ ആപ്പിളും കായ്ഫലമണിഞ്ഞു. പ്രത്യേക കാലാവസ്ഥ ആവശ്യമുള്ള ആപ്പിൾ വയനാട്ടിൽ വിളയില്ലെന്ന ധാരണയാണ് മീനങ്ങാടി ചൂതുപാറയിലെ കർഷകനായ പേരാശ്ശേരി വീട്ടിൽ സുദേവൻ തിരുത്തിക്കുറിച്ചിരിക്കുന്നത്.
വീട്ടുമുറ്റത്ത് പരീക്ഷണാടിസ്ഥാനത്തിൽ നട്ടുപിടിപ്പിച്ച ആപ്പിൾ ചെടിയിൽ കായ്കൾ പ്രത്യക്ഷപ്പെട്ടതോടെ കനത്ത ആവേശത്തിലാണ് ഈ കർഷകൻ. വയനാടിന്റെ മണ്ണിൽ ആദ്യമായാണ് ആപ്പിൾ മരം ഫലം നൽകുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഏകദേശം 150 ഗ്രാം വീതം ഭാരമുള്ള രണ്ട് ആപ്പിളുകളാണ് നിലവിൽ ഈ ചെടിയിൽ ഉണ്ടായിട്ടുള്ളത്. ഒന്നര വർഷം മുൻപ് മീനങ്ങാടി കാര്യമ്പാടിയിലെ സ്വകാര്യ നഴ്സറിയിൽ നിന്നാണ് സുദേവൻ ആപ്പിൾ തൈ വാങ്ങി വീട്ടുമുറ്റത്ത് നട്ടുവളർത്തിയത്.
ചാണകവും എല്ലുപൊടിയും പോലുള്ള ജൈവവളങ്ങൾ മാത്രമാണ് ഈ ആപ്പിൾ ചെടിയുടെ വളർച്ചയ്ക്കായി നൽകിയത് എന്നത് ശ്രദ്ധേയമാണ്. അവക്കാഡോ, ചാമ്പക്ക, വൈവിധ്യമാർന്ന മാവുകൾ, പ്ലാവുകൾ എന്നിവയാൽ സമൃദ്ധമായ സുദേവൻറെ കൃഷിയിടത്തിൽ ഇപ്പോൾ പ്രധാന ആകർഷണമായി മാറിയിരിക്കുന്നത് ഈ ആപ്പിൾ മരമാണ്.
അനുകൂലമല്ലാത്ത വയനാടൻ കാലാവസ്ഥയിലും ആപ്പിൾ കൃഷി വിജയകരമായി നടപ്പാക്കാമെന്ന് തെളിഞ്ഞതോടെ, കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയിലാണ് സുദേവൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

