വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ നേതാക്കൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്, കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ് എന്നിവരാണ് അറസ്റ്റിലായത്.
തുടർന്ന് ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സമരത്തിനിടെ അറസ്റ്റിലായ പി സാജുദ്ദീൻ, നബീൽ നെടിയിരുപ്പ് എന്നിവരെ കോടതിയിൽ ഹാജരാക്കും.
പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന്റെ ഷീൽഡും ഹെൽമെറ്റും നശിപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള കേസ്. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ആണ് വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.
ഇദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫിറ്റ്നസിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് ആണെന്നും ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഈ വിഷയത്തിൽ മോട്ടോർ വാഹന വകുപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

