സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നുച്ചയ്ക്ക് വലിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 170 രൂപ കുറഞ്ഞ് വിപണി നിരക്ക് 14,215 രൂപയായി മാറി.
ഇതോടൊപ്പം പവൻവില 1,360 രൂപ താഴ്ന്ന് 1,13,720 രൂപയിലെത്തി. രാജ്യാന്തര വിപണിയിലുണ്ടായ കനത്ത വിലത്തളർച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം 18 കാരറ്റ് സ്വർണവിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 135 രൂപ കുറഞ്ഞ് 11,680 രൂപയായാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, ഉച്ചയ്ക്കു ശേഷം വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 59.67 ഡോളർ താഴ്ന്ന് 4,370.52 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് ഉയരാനുള്ള സാധ്യതകൾ ഡോളറിനും യുഎസ് ബോണ്ട് യീൽഡിനും കരുത്ത് പകരുന്നതാണ് പ്രധാനമായും സ്വർണത്തിന് തിരിച്ചടിയാകുന്നത്.
ഇതിനുപുറമേ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ക്രൂഡോയിൽ വില (ബ്രെന്റ്) വീണ്ടും 92 ഡോളർ കടന്നതും സ്വർണവിലയെ പ്രതികൂലമായി ബാധിച്ചു. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവില വർധന ആഗോളതലത്തിൽ പണപ്പെരുപ്പം ഉയരുന്നതിന് കാരണമാകും.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ പലിശനിരക്കുകൾ വർധിക്കാനുള്ള സാധ്യത ഇത് കൂടുതൽ ശക്തമാക്കുന്നുണ്ട്. യുഎസ് പലിശനിരക്ക് ഉയർത്തിയാൽ അത് ഡോളറിന്റെയും ബോണ്ട് യീൽഡിന്റെയും കുതിപ്പിന് വഴിവെക്കും.
ഇത് ആഭരണമായും നിക്ഷേപമായും ഉള്ള സ്വർണത്തിന്റെ ഡിമാൻഡ് ഗണ്യമായി കുറയ്ക്കുമെന്നും ഇത് വിലയെ കൂടുതൽ താഴേക്ക് നയിക്കുമെന്നുമാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

