രാജ്യത്തിന്റെ കാർഷികോൽപന്ന കയറ്റുമതി മേഖലയിൽ പുതിയ കുതിച്ചുചാട്ടമായി പോത്ത്, എരുമ ഇറച്ചി (ബഫല്ലോ മീറ്റ്) കയറ്റുമതി. അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫൂഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റിയുടെ (APEDA) കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദമായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 1,493 മില്യൻ ഡോളർ മൂല്യമുള്ള ബഫല്ലോ മീറ്റാണ് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്തത്.
കഴിഞ്ഞ സാമ്പത്തിക വർഷം സമാന കാലയളവിൽ ഇത് 896 മില്യൻ ഡോളർ മാത്രമായിരുന്നു. പ്രധാനമായും ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള കയറ്റുമതിയിൽ വലിയൊരു ശതമാനവും നടക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ APEDAയുടെ പരിധിയിൽ വരുന്ന കാർഷികോൽപന്നങ്ങളായ ബഫല്ലോ മീറ്റ്, ബസുമതിയല്ലത്ത അരി, ബസുമതി അരി എന്നിവയുടെ ആകെ കയറ്റുമതി മൂല്യം ഏകദേശം 7,641 ബില്യൻ ഡോളറിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് ഈ കണക്കിലും ഗണ്യമായ വർദ്ധനവാണുണ്ടായിരിക്കുന്നത്.
വിയറ്റ്നാം, മലേഷ്യ, ഈജിപ്ത്, ഇന്തൊനീഷ്യ, സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഈ ഉൽപന്നങ്ങൾ എത്തിക്കുന്നത്. അതേസമയം, പശു, കാള, ക്ടാവ് എന്നിവയുടെ മാംസം ബീഫ് എന്ന പരിധിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ കയറ്റുമതി കർശനമായി നിരോധിച്ചിട്ടുണ്ട്.
എന്നാൽ പോത്ത്, എരുമ എന്നിവയുടെ ഇറച്ചിയ്ക്ക് പുറമെ കോഴിയിറച്ചി, ആട്ടിറച്ചി എന്നിവയും സംസ്കരിച്ച മാംസ ഇനങ്ങളും വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

