കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന ‘വന്ദേമാതരം’ ദേശീയ സെമിനാറിനിടെ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത 25 പേർക്കെതിരെയാണ് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുള്ളത്.
ഔദ്യോഗിക പരിപാടി സംഘം ചേർന്ന് അലങ്കോലപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ പ്രധാന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.
സഞ്ജീവ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കേന്ദ്ര സർവകലാശാലയിലെ വി.സി “ഒന്നാന്തരം ആർ.എസ്.എസുകാരനാണെന്നും” വിദ്യാർത്ഥികളെ പുറത്താക്കിയാണ് വന്ദേമാതരം സെമിനാർ നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
“വന്ദേമാതരത്തിലെ ആദ്യ വരികൾ എസ്.എഫ്.ഐ ഉൾപ്പെടെ രാജ്യത്തിലെ എല്ലാ വിദ്യാർത്ഥികളും പാടുമെന്നും, എന്നാൽ അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും” അദ്ദേഹം വ്യക്തമാക്കി. എല്ലാ സർവകലാശാലകളിലും ഇത്തരം പരിപാടികൾ നടത്താനാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.
“ജനഗണമന ഇവരുടെ വിഷയമേയല്ലെന്നും വന്ദേമാതരത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് വർഗീയ തന്ത്രമാണെന്നും” അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ കേരള പൊലീസ് എസ്.എഫ്.ഐയെ ആക്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
സെമിനാറുമായി ബന്ധപ്പെട്ട് സർവകലാശാലാ ക്യാമ്പസിൽ കഴിഞ്ഞ ദിവസങ്ങളിലും കനത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം ഉയർന്നത്.
അദ്ദേഹം പ്രസംഗിക്കുന്നതിനിടയിൽ ‘ഗോ ബാക്ക്’ വിളികളുമായി വിദ്യാർത്ഥികൾ വേദിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ മൈക്ക് ഓഫ് ചെയ്തതോടെ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ തടസ്സപ്പെടുകയുണ്ടായി.
സെമിനാർ ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഇതിനിടെ എ.ബി.വി.പി പ്രവർത്തകരും എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എം.എസ്.എഫ് പ്രവർത്തകരും രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം വാക്കുതർക്കത്തിലും ഏർപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

