കുവൈത്ത് സിറ്റിയിൽ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസി യുവാവിന് നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ. 36 വയസുള്ള അറബ് വംശജനായ പ്രവാസിയാണ് തന്റെ ജീവിതപങ്കാളി മകനെയും കൂട്ടി രാജ്യം വിട്ട
വിവരം അറിഞ്ഞ് നിയമനടപടിക്കൊരുങ്ങുന്നത്. ഹവല്ലി ഗവർണറേറ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിന്റെ വിവരങ്ങൾ ഇങ്ങനെ: പതിവുപോലെ രാവിലെ 6:30-ഓടെ ജോലിക്ക് പോയ യുവാവ് വൈകുന്നേരം 4:00 മണിയോടെ ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോഴാണ് വീട് പൂർണ്ണമായും ശൂന്യമായി കിടക്കുന്നത് കണ്ടത്.
ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയെല്ലാം അപ്രത്യക്ഷമായിരുന്നു. വീട്ടിൽ ഭാര്യയെയും മകനെയും കണ്ടെത്താത്തതിനെ തുടർന്ന് ഇയാൾ നടത്തിയ അന്വേഷണങ്ങൾ വിഫലമായി.
രാത്രി എട്ട് മണിയോടെ ഭാര്യയുടെ ഫോണിൽ നിന്ന് ലഭിച്ച വാട്സാപ്പ് സന്ദേശത്തിലൂടെയാണ് താൻ വഞ്ചിക്കപ്പെട്ട വിവരം ഇയാൾ അറിയുന്നത്.
“താൻ മകനെയും കൂട്ടി കുവൈത്ത് വിട്ടുവെന്നും, വിവാഹബന്ധം നിയമപരമായി വേർപെടുത്തുന്നതിനായുള്ള നടപടികൾ ആരംഭിക്കാൻ പോവുകയാണെന്നും” സന്ദേശത്തിൽ വ്യക്തമാക്കുന്നു. താൻ ജോലിക്ക് പോയ സമയം നോക്കി മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് ഭാര്യ വീട് കാലിയാക്കിയതെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകി.
മണിക്കൂറുകൾക്കുള്ളിൽ സാധനങ്ങൾ വിറ്റഴിച്ച ശേഷം ഇവർ വിമാനത്താവളത്തിലേക്ക് കടക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുപോകുന്നതിന് യാതൊരു സമ്മതവും നൽകിയിട്ടില്ലെന്നും വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതായും ഇയാൾ ആരോപിക്കുന്നു.
ദാമ്പത്യത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്രയും കടുത്ത തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന് കരുതിയിരുന്നില്ലെന്ന് യുവാവ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

