കൊല്ലങ്കോട് ∙ തകർന്നുകിടക്കുന്ന മംഗലം– ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിലെ കുഴികൾ താൽക്കാലികമായി കോൺക്രീറ്റ് ചെയ്ത് അധികൃതർ കണ്ണിൽ പൊടിയിടുന്നതായി ആക്ഷേപം ശക്തമാകുന്നു. അപകടഭീഷണിയായ ഇരഞ്ഞിമന്ദം, പഴയങ്ങാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ റോഡിലെ കുഴികളാണ് കോൺക്രീറ്റ് ഉപയോഗിച്ച് അടയ്ക്കാൻ അധികൃതർ ശ്രമിച്ചത്.
എന്നാൽ പ്രവൃത്തി പൂർത്തിയായ ഉടൻതന്നെ ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇതുവഴി കടന്നുപോയത് കാരണം കോൺക്രീറ്റ് ഇളകിപ്പോയി വീണ്ടും കുഴികൾ രൂപപ്പെടുന്നതായാണ് പരാതി. പൊള്ളാച്ചിയെയും തൃശൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന സംസ്ഥാനാന്തര പാതയിൽ കുമ്പളക്കോട് പാലം മുതൽ ഗോവിന്ദാപുരം വരെയുള്ള ഭാഗത്ത് നൂറോളം ഇടങ്ങളിലാണ് ടാറിങ് പൂർണ്ണമായി ഇളകി വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
മഴ ശക്തമായതോടെ റോഡിന്റെ ശോചനീയാവസ്ഥയും അതുവഴി യാത്രാക്ലേശവും അപകടസാധ്യതയും ഒരുപോലെ വർധിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇതിനുമുമ്പും റോഡിലെ കുഴികൾ സമാനമായ രീതിയിൽ താൽക്കാലികമായി അടച്ചിരുന്നെങ്കിലും ദിവസങ്ങൾക്കകം അവ വീണ്ടും തകരുകയായിരുന്നു പതിവ്.
കനത്ത മഴയിൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇതിന്റെ ആഴം തിരിച്ചറിയാനാകാതെ ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായി അപകടത്തിൽപെടുന്നത്. ചരക്കുവാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന ഈ പാതയിൽ ഇത്തരം താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് പകരം ശാസ്ത്രീയമായ പൂർണ നവീകരണം നടത്തി നിലവാരമുള്ള ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെയും യാത്രാക്ലേശം നേരിടുന്നവരുടെയും പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

