ധർമടം മേലൂർ പോസ്റ്റ് ഓഫിസിന് സമീപം സ്ഥിതി ചെയ്യുന്ന ബീഡി കമ്പനി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കണമെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് നടപ്പിലായില്ല. കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ 48 മണിക്കൂറിനുള്ളിൽ കെട്ടിടം പൊളിച്ചുനീക്കാൻ കർശന നിർദേശം നൽകിയിരുന്നു.
എന്നാൽ, ഉത്തരവ് പുറത്തിറങ്ങി ഒരാഴ്ച പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഈ കെട്ടിടം പരിസരവാസികൾക്ക് വലിയ ഭീഷണിയാണെന്ന് കാണിച്ച് പ്രദേശവാസിയായ വി.കെ.ഷാജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടർ അടിയന്തര ഉത്തരവിറക്കിയത്.
ഉടമ തന്നെ കെട്ടിടം പൊളിച്ചുനീക്കണമെന്നും, അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് പൊളിക്കുകയും അതിനുവേണ്ടി വരുന്ന ചെലവ് ഉടമയിൽ നിന്ന് ഈടാക്കണമെന്നുമാണ് നിർദേശിച്ചിരുന്നത്. നേരത്തെ, ധർമടം പഞ്ചായത്തിലെ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ ഭിത്തികളിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു.
മഴക്കാലത്ത് കെട്ടിടം തകർന്നു വീഴാൻ സാധ്യതയുണ്ടെന്നും ഇത് കാൽനടയാത്രക്കാർക്കും നാട്ടുകാർക്കും വലിയ അപകട ഭീഷണിയാണെന്നും പഞ്ചായത്ത് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ജൂൺ 10-നകം കെട്ടിടം ഉടമകൾ പൊളിച്ചു നീക്കണമെന്ന് കാണിച്ച് പഞ്ചായത്ത് മുൻകൂട്ടി നോട്ടീസ് നൽകുകയും ഇക്കാര്യം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. ഈ നിർദേശങ്ങൾ അവഗണിക്കപ്പെട്ട
സാഹചര്യത്തിലാണ് വി.കെ.ഷാജി കലക്ടർക്ക് വീണ്ടും പരാതി നൽകിയത്. ഇതിനെത്തുടർന്ന് ജൂൺ 23-നാണ് കലക്ടർ 48 മണിക്കൂറിനകം കെട്ടിടം പൊളിച്ചു മാറ്റണമെന്ന് അന്ത്യശാസനം നൽകിയത്.
എന്നിട്ടും നടപടികളൊന്നും ഉണ്ടാകാത്തത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

