പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ താലിബാൻ സേന സ്ഥിരീകരിച്ചു. ബലൂചിസ്ഥാൻ, പക്തൂൺഖ്വാ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാൻ (IS-K) ഭീകരരുടെ താവളങ്ങൾ ലക്ഷ്യമിട്ടാണ് സൈനിക നടപടി സ്വീകരിച്ചതെന്ന് താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താനും ഗൂഢാലോചനകൾ ആസൂത്രണം ചെയ്യാനും ഈ കേന്ദ്രങ്ങൾ ഉപയോഗിച്ചിരുന്നതായാണ് താലിബാന്റെ വാദം.
പക്തൂൺഖ്വയിലെ സരണിലുള്ള ഒരു സ്കൂളിന് നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഭീകരർ ഈ സ്കൂളിനെ തങ്ങളുടെ ഒളിത്താവളമായി ഉപയോഗിച്ചുവെന്നും താലിബാൻ ആരോപിക്കുന്നു.
ആക്രമണത്തിൽ നിരവധി ഐഎസ് പോരാളികൾ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. അതേസമയം, സാധാരണക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും താലിബാൻ അവകാശപ്പെടുന്നു.
അഫ്ഗാനിസ്ഥാനിലെ ചില പ്രദേശങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന പാക് ആക്രമണത്തിൽ 28 സാധാരണക്കാരടക്കം 49 പേർ കൊല്ലപ്പെട്ടതായാണ് യുണൈറ്റഡ് നാഷൻ അസിസ്റ്റൻസ് മിഷൻ അറിയിച്ചത്.
എന്നാൽ, കൊല്ലപ്പെട്ടവർ സാധാരണക്കാരല്ലെന്നും തീവ്രവാദികളാണെന്നുമാണ് പാകിസ്ഥാൻ സൈന്യം ഉന്നയിക്കുന്ന വാദം. നേരത്തെ നടന്ന പാക് ആക്രമണത്തെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

