ആലക്കോട്: മഴക്കാലം ശക്തമായതോടെ ചെങ്ങളായി പഞ്ചായത്തിലെ മാവിലംപാറ നിവാസികൾ കടുത്ത ആശങ്കയിൽ. ചെങ്കൽ ഖനനം നടത്തിയ ശേഷം നികത്താതെ ഉപേക്ഷിച്ച കൂറ്റൻ കുഴികൾ പ്രദേശത്ത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
ഖനനത്തിന് ശേഷം കുഴികൾ മൂടണമെന്ന നിയമം പൂർണമായും കാറ്റിൽ പറത്തിയിരിക്കുകയാണ്. അപകടസാധ്യതയും പരിസ്ഥിതി പ്രശ്നങ്ങളും
എട്ട് മുതൽ പത്ത് മീറ്റർ വരെ ആഴമുള്ള കുഴികൾ റോഡരികിൽ തന്നെ സ്ഥിതി ചെയ്യുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.
മാവിലംപാറ – കുളത്തൂർ റോഡരികിൽ ഇത്തരത്തിൽ നിരവധി കുഴികളാണുള്ളത്. പ്രദേശത്ത് താമസിക്കുന്ന ഏകദേശം 40 ഓളം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സുകളെ ഈ കുഴികൾ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
ഖനനം വഴി രൂപപ്പെട്ട വിള്ളലുകളിലൂടെ കുഴികളിലെ മലിനജലം സമീപത്തെ കിണറുകളിലേക്ക് ഒഴുകിയെത്തുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം ഭൂമി വ്യാപകമായി കയ്യേറി നിയമവിരുദ്ധമായാണ് ഇവിടെ ഖനനം നടത്തിയത്. ജനകീയ പ്രതിഷേധവും അധികൃതരുടെ മൗനവും
ബാലേശുഗിരി–പടപ്പേങ്ങാട് ആക്ഷൻ കമ്മിറ്റിയുടെയും കോഓർഡിനേഷൻ കമ്മിറ്റിയുടെയും ശക്തമായ ഇടപെടലിനെത്തുടർന്ന് ഇവിടെ നടന്നിരുന്ന ഖനനം നിർത്തിവെപ്പിച്ചെങ്കിലും, കുഴികൾ നികത്താൻ ആരും തയാറായിട്ടില്ല.
മഴ ശക്തമാകുന്നതോടെ താഴെക്കിടയിലുള്ള ബാലേശുഗിരി, പടപ്പേങ്ങാട് പ്രദേശങ്ങളിലെ ജലസ്രോതസ്സുകൾ പൂർണമായും മലിനമാകുമെന്ന ഭയത്തിലാണ് ജനങ്ങൾ. ഇക്കാര്യത്തിൽ ബന്ധപ്പെട്ട
അധികൃതർ പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. മഴ കനക്കുന്നതിന് മുൻപ് തന്നെ കുഴികൾ സുരക്ഷിതമായി നികത്താൻ നടപടി സ്വീകരിക്കണമെന്ന് ചപ്പാരപ്പടവ് പഞ്ചായത്തംഗം എ.എൻ.വിനോദ് ആവശ്യപ്പെട്ടു.
റോഡിൽ നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന നിയമം ലംഘിച്ച് ഖനനം നടത്തിയവർക്കെതിരെയും, കുഴികൾ മൂടാൻ തയാറാകാത്തവർക്കെതിരെയും കർശന നിയമനടപടികൾ അനിവാര്യമാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

