ഔദ്യോഗിക ജീവിതത്തിന്റെ പടിയിറക്ക വേളയിൽ അപൂർവമായൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടി.എസ്.സതീഷ്കുമാർ. വർഷങ്ങൾ നീണ്ട
സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ദിവസം തന്നെ സ്ഥാനക്കയറ്റവും ലഭിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ കൗതുകകരമായ അധ്യായമായി മാറിയത്. കാസർകോട് ഗവ.പോളിടെക്നിക് കോളജിൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന മാലോം വള്ളിക്കടവ് സ്വദേശിയായ സതീഷ്കുമാറിന്, ഇന്നലെ രാവിലെ 7 മണിക്ക് ഇ–ഓഫിസ് വഴിയാണ് സ്ഥാനക്കയറ്റ ഉത്തരവ് ലഭിച്ചത്.
സീനിയർ സൂപ്രണ്ടായി ഉയർത്തപ്പെട്ട അദ്ദേഹത്തിന് തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് കോളജിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്.
ഞായറാഴ്ച അവധിദിനമായിരുന്നിട്ടും, സ്ഥാനക്കയറ്റത്തോടെയുള്ള ചുമതലയേൽപ്പിനായി തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് കോളജ് പ്രത്യേകമായി തുറന്നു പ്രവർത്തിക്കുകയായിരുന്നു. പുതിയ തസ്തികയിൽ മണിക്കൂറുകൾ മാത്രം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി സർവീസിൽ നിന്ന് വിരമിച്ചത്.
“സ്ഥാനക്കയറ്റ നടപടികൾ ഒരുമാസം മുൻപേ പൂർത്തിയായെങ്കിലും സംസ്ഥാനത്തെ ഭരണമാറ്റം കാരണമാണ് ഉത്തരവിറങ്ങാൻ വൈകിയതെന്നു സതീഷ്കുമാർ പറഞ്ഞു.” ഒരുപക്ഷേ ഇന്നലെ ഉത്തരവ് ലഭിച്ചില്ലായിരുന്നെങ്കിൽ സൂപ്രണ്ട് എന്ന തസ്തികയിൽ തന്നെ അദ്ദേഹത്തിന് വിരമിക്കേണ്ടി വരുമായിരുന്നു. പരേതരായ ശിവരാമൻ നായരുടെയും ഭവാനിയമ്മയുടെയും മകനാണ് സതീഷ്കുമാർ.
ഭാര്യ ശ്രീവിദ്യയും കാനഡയിൽ താമസിക്കുന്ന മകൻ സിദ്ധാർഥുമാണ് കുടുംബം. നിറഞ്ഞ മനസ്സോടെയുള്ള പടിയിറക്കമാണ് അദ്ദേഹത്തിന്റേത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

