ഒറ്റദിവസത്തെ മഴയിൽ തിരുവനന്തപുരം നഗരത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ സർക്കാർ ഇടപെടുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
നഗരത്തിലെ പ്രധാന മേഖലകളായ തമ്പാനൂർ, ചാക്ക എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായ സാഹചര്യങ്ങൾ വിശദമായി പഠിക്കാൻ ജലസേചന വകുപ്പിന്റെ സംസ്ഥാന ചീഫ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി. ഇതുസംബന്ധിച്ച അടിയന്തര റിപ്പോർട്ട് ഉടൻ സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
പാർവതി പുത്തനാർ, ആമയിഴഞ്ചാൻ തോട് എന്നിവ ശുചീകരിക്കുന്നതിനായി കോർപറേഷൻ ആവശ്യപ്പെട്ട പ്രകാരം പ്രാഥമിക അനുമതി നൽകിയതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ തിരുവനന്തപുരം മേയർ വി വി രാജേഷ് ഉൾപ്പെടെയുള്ളവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരായ കെ മുരളീധരൻ, സി പി ജോൺ എന്നിവർ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിക്കേണ്ട തുടർനടപടികൾ ആലോചിക്കുന്നതിനായി മൂന്ന് മന്ത്രിമാരുടെയും സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരാൻ സർക്കാർ തീരുമാനിച്ചു.
ജൂൺ രണ്ടിന് വൈകുന്നേരം നാലുമണിക്ക് സെക്രട്ടേറിയറ്റിലെ ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ വെച്ചാണ് ഉന്നതതല യോഗം നടക്കുക. കോർപറേഷന്റെ പരിമിതികൾ ചൂണ്ടിക്കാട്ടി മേയർ വി വി രാജേഷ് നേരത്തെ രംഗത്തെത്തിയിരുന്നു.
കോർപറേഷന് മാത്രമായി നഗരത്തിലെ വെള്ളക്കെട്ട് പൂർണമായി പരിഹരിക്കാൻ കഴിയില്ലെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോർപറേഷൻ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

